തിരുവനന്തപുരം: കേരളത്തിലെ എട്ട് ജില്ലകളിൽ ഇന്ന് മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് വയനാട് ജില്ലകളിലാണ് ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെടുന്നു. വേനൽ ചൂടിൽ വെന്തുരുകുന്ന ജനം മഴയ്ക്കായി കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡ് വൈദ്യുതഉപഭോഗമാണ് കേരളത്തിലുണ്ടായത്. കനത്ത ചൂട് കാരണം പീക്ക് അവറിലും മറ്റും പുറത്ത് നിന്നും വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി പിടിച്ചു നിൽക്കുന്നത്. വൈദ്യുതി ഉത്പാദനത്തിലേയും ഉപഭോഗത്തിലേയും സ്ഥിതി ചർച്ച ചെയ്യാൻ ഇന്ന് മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു.
പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 38 °C വരെയും തിരുവനന്തപുരം,ആലപ്പുഴ,പത്തനംതിട്ട, കോട്ടയം,എറണാകുളം,തൃശൂർ കോഴിക്കോട്, ജില്ലകളിൽ 36°c വരെയും താപനില ഉയർന്നേക്കും എന്നാണ് പ്രവചനം. സാധാരണയെക്കാൾ 2 – 4 °C കൂടുതൽ വരും ഇത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മഴ പെയ്തില്ലെങ്കിൽ ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ, അടുത്ത 5 ദിവസവും ചൂടുമെന്നും അസ്വസ്ഥതയുമുള്ള അന്തരീക്ഷസ്ഥിതിക്ക് സാധ്യതയുണ്ടെന്നുമാണ് പ്രവചനം.