ജർമനിയിൽ 30 ഗ്രാം വരെയുള്ള കഞ്ചാവ് കൈവശം വയ്ക്കുന്നത് ഇനി മുതൽ ക്രിമിനൽ കുറ്റമായി കണക്കാക്കില്ല. പ്രായപൂർത്തിയായവർക്ക് കർശന നിയന്ത്രണങ്ങളോടെ കഞ്ചാവ് വിൽപ്പന നടത്താനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ നിയന്ത്രണ വിപണിയിലായിരിക്കും വില്പന അനുവദിക്കുക.
യൂറോപ്യൻ യൂണിയൻ എക്സിക്യൂട്ടീവ് കമ്മീഷന്റെ അനുമതി ലഭിച്ചാൽ മാത്രമേ നിയമം നിലവിൽ വരുകയുള്ളുവെന്ന് ജർമനി അറിയിച്ചു. 2024 ലായിരിക്കും നിയമം നിലവിൽ വരുക. അതേസമയം യൂറോപ്പിനുള്ള മാതൃകയായിരിക്കും പുതിയ നിയമങ്ങളെന്ന് ജർമൻ ആരോഗ്യ മന്ത്രി കാൾ ലാറ്റർബാച്ച് കൂട്ടിച്ചേർത്തു.
നിയമപ്രകാരമുള്ള തോട്ടങ്ങളിൽ വിളയുന്ന കഞ്ചാവ് മാത്രമേ സർക്കാർ ഔട്ലെറ്റുകൾ വഴി വിൽക്കുകയുള്ളു. കഞ്ചാവ് കൈവശം വയ്ക്കുന്ന ഏറ്റവും ലിബറൽ നിയമങ്ങളുള്ള രാജ്യങ്ങളിൽ ഒന്നായിരിക്കും ജർമനി. എന്നാൽ കഞ്ചാവ് വിൽക്കുന്ന കടകളിൽ മദ്യമോ പുകയില ഉൽപ്പന്നങ്ങളോ വിൽക്കാൻ പാടുള്ളതല്ല. നിലവിൽ ജർമനിയിൽ 40 ലക്ഷം ജനങ്ങളാണ് കഞ്ചാവ് ഉപയോഗിക്കുന്നത്. അതിൽ 18 വയസ്സ് മുതൽ 24 വയസ്സ് വരെയുള്ളവരാണ് ഭൂരിപക്ഷം ആളുകളും.