വത്തിക്കാൻസിറ്റി: ആഗോളകത്തോലിക്കസഭാ അധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരചടങ്ങുകൾ ഏപ്രിൽ 26 ശനിയാഴ്ച നടക്കും. വത്തിക്കാൻ സമയം രാവിലെ പത്ത് മണിയോടെയാവും സംസ്കാരചടങ്ങുകൾ നടക്കുക. (ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണി). പോപ്പിൻ്റെ മരണത്തിന് പിന്നാലെ വത്തിക്കാനിൽ എത്തിയ കർദിനാൾമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. അടുത്ത മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്ക്ലേവ് ഏപ്രിൽ 28 തിങ്കളാഴ്ച ആരംഭിക്കുമെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുന്ന ശവസംസ്കാര ചടങ്ങിൽ കോളേജ് ഓഫ് കാർഡിനൽസിന്റെ ഡീൻ കർദ്ദിനാൾ ജിയോവന്നി ബാറ്റിസ്റ്റ റീ നേതൃത്വം വഹിക്കുമെന്ന് വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചു. ചടങ്ങുകൾക്ക് ശേഷം പോപ്പിൻ്റെ ഭൌതികദേഹം അടങ്ങിയ പേടകം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കും തുടർന്ന് പോപ്പ് ഫ്രാൻസിസിന്റെ ആഗ്രഹപ്രകാരം സംസ്കാരത്തിനായി സാന്താ മരിയ മാഗിയോർ ബസിലിക്കയിലേക്കും കൊണ്ടുപോകും. ഫ്രാൻസിസ് മാർപാപ്പയുടെ ദേഹം ബുധനാഴ്ച രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് മാറ്റുമെന്നും അവിടെ അത് ശവസംസ്കാരം വരെ സൂക്ഷിക്കുമെന്നും വത്തിക്കാൻ സ്ഥിരീകരിച്ചു.
ശവപ്പെട്ടി സാന്താ മാർത്തയിൽ നിന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് മാറ്റുന്ന ചടങ്ങ് ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 9 മണിക്ക് ആരംഭിക്കും. പത്ത് മണിയോടെ പൊതുജനങ്ങൾക്ക് ബസിലിക്കയിൽ പൊതുദർശനത്തിനായി പ്രവേശനം അനുവദിക്കും. തിങ്കളാഴ്ച ഫ്രാൻസിസിന്റെ മരണം പ്രഖ്യാപിച്ച പള്ളിയിലെ കർദ്ദിനാൾ കെവിൻ ജോസഫ് ഫാരെൽ പ്രാർത്ഥനകൾക്കും ആരാധനക്രമത്തിനും നേതൃത്വം നൽകും.
വത്തിക്കാനിലെ കാസ സാന്താ മാർട്ടയുടെ ചാപ്പലിൽ വച്ച് പോപ്പിൻ്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന ചടങ്ങ് വത്തിക്കാൻ സമയം ഇന്നലെ രാത്രിയോടെ നടന്നു. ഫ്രാൻസിസ് മാർപാപ്പയുടെ മൃതദേഹംതുറന്ന പേടകത്തിൽ വച്ച ചിത്രങ്ങളും ഇതോടൊപ്പം വത്തിക്കാൻ പുറത്തു വിട്ടു. “ആചാര ചടങ്ങിൻ്റെ ഭാഗമായി പോപ്പിൻ്റെ മരണ പ്രഖ്യാപനം കർദ്ദിനാൾ ഫാരെൽ ഉറക്കെ വായിച്ചു. ചടങ്ങ് ഒരു മണിക്കൂറിൽ താഴെ മാത്രമേ നീണ്ടുനിന്നുള്ളൂ” വത്തിക്കാൻ ന്യൂസ് റിപ്പോർട്ടിൽ പറയുന്നു.