ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിംങിനെതിരെ രാഷ്ട്രീയ നീക്കങ്ങൾ നടത്തി എന്ന ആരോപണത്തിന്മേൽ രാജ്യത്തെ ഉയർന്ന സുരക്ഷാ ഉദ്യോഗസ്ഥന് വധശിക്ഷ വിധിച്ചു. പൊതു സുരക്ഷാ മുൻ സഹമന്ത്രിയായിരുന്ന സൺ ലിജൂൺ ആണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. അധികാരം ദുർവിനിയോഗംചെയ്യുക, അഴിമതി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ.
മുൻ നീതിന്യായ മന്ത്രി ഉൾപ്പെടുന്ന മുതിർന്ന രണ്ട് ഉദ്യോഗസ്ഥർ ചേർന്ന് കഴിഞ്ഞ ദിവസമാണ് സൺ ലിജൂണിന് ശിക്ഷ വിധിച്ചത്. അതേസമയം ശിക്ഷ രണ്ട് വർഷത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. ശിക്ഷ വിധിച്ചതിന് ശേഷം ജിലിൻ പ്രവിശ്യയിലെ ഇന്റർമീഡിയറ്റ് കോടതി സണിന്റെ രാഷ്ട്രീയ അവകാശങ്ങൾ റദ്ദാക്കി. തുടർന്ന് അദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് അഴിമതിക്കേസിൽ അഞ്ചു മുൻ പോലീസ് ഉദ്യോഗസ്ഥരെയും ജയിലിലടച്ചത്.
അതേസമയം ഒക്ടോബർ 16 ന് പാർട്ടി കോൺഗ്രസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഷീയുടെ അധീശത്തിന് വെല്ലുവിളി ഉയർത്തുന്നവർക്കെതിരെ നടപടിയെടുക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. അഞ്ചു വർഷത്തിനിടയിൽ ചൈനയിൽ നടക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ ശുദ്ധീകരണമാണിത്.