ദോഹ: ദേശീയദിനം ആഘോഷിച്ച് ഖത്തർ. രാജ്യത്തുടനീളം ഇന്നലെ രാത്രി മുതൽ ജനങ്ങളും പ്രവാസികളും ഒരു പോലെ ആഘോഷങ്ങളുടെ ഭാഗമായി. ഇന്നും ഇനിയുള്ള ദിവസങ്ങളിലേക്കും ആഘോഷപരിപാടികൾ നീളും.
രണ്ട് ദിവസത്തെ ഔദ്യോഗിക അവധിക്ക് പുറമെ വാരാന്ത്യ അവധികൾ കൂടി കണക്കാക്കുമ്പോൾ ഇത്തവണ നാല് ദിവസത്തെ അവധിയാണ് ദേശീയ ദിനത്തിൽ ലഭിക്കുക. വിവിധ രാജ്യങ്ങൾ ദേശീയദിനത്തിൽ ഖത്തർ അമീറിനെ ആശംസകൾ അറിയിച്ചു.
സ്ഥിരം വേദിയായ ദർബ് അൽ സാഇയിലാണ് ഇത്തവണയും പ്രധാന ആഘോഷങ്ങളെല്ലാം നടക്കുന്നത്. ഒരാഴ്ച മുമ്പ് തന്നെ ഇവിടെ ആഘോഷം തുടങ്ങിയിരുന്നു. ഡിസംബർ 21 വരെയുള്ള ദിവസങ്ങളിൽ 104 സാംസ്കാരിക പരിപാടികളാണ് ഇവിടെ അരങ്ങേറുക. ഇതിന് പുറമെ ലുസൈൽ ബൊലേവാദ്, കതാറ, ഓൾഡ് ദോഹ പോർട്ട്, മുശൈരിബ് ഡൗൺ ടൗൺ എന്നിവിടങ്ങളിലെല്ലാം വിവിധ ആഘോഷ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
അതേസമയം കോർണിഷിൽ നടക്കേണ്ടിയിരുന്ന ദേശീയ ദിന പരേഡ് ഇത്തവണയും ഒഴിവാക്കിയിട്ടുണ്ട്. പരേഡ് റദ്ദാക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കിയിരുന്നില്ല. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഡിസംബർ 18, 19തീയ്യതികളിലാണ് രാജ്യത്ത് അവധി പ്രഖ്യാപിച്ചത്. വാരാന്ത്യ അവധി ദിവസങ്ങൾ കൂടി കഴിഞ്ഞ് ഡിസംബർ 22 ഞായറാഴ്ചയാകും അവധിക്ക് ശേഷം പ്രവൃത്തി ദിനം പുനഃരാരംഭിക്കുക.