കൊച്ചി: ഇന്നലെ രാത്രി കൊച്ചി കലൂരിലെ ഹോട്ടലിൽ നിന്നും പരിശോധയ്ക്കിടയിൽ കടന്നു കളഞ്ഞ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് വേണ്ടി പരിശോധന ഊർജിതമാക്കി പൊലീസ്.
നടൻ്റെ കൊച്ചിയിലെ ഫ്ളാറ്റിലും തൃശ്ശൂരിലെ വീട്ടിലും പൊലീസ് അന്വേഷിച്ചു എത്തിയെങ്കിലും രണ്ടിടത്തും നടനില്ലായിരുന്നു. അതെ സമയം ഷൈൻ ടോം ചാക്കോയെ തേടിയല്ല പൊലീസ് ഇന്നലെ കലൂരിലെ പി.ജി.എസ് വേദാന്ത ഹോട്ടലിൽ എത്തിയത് എന്നാണ് വിവരം.
കൊച്ചി നഗരത്തിലെ പ്രധാന ലഹരി ഇടപാടുകാരനായ ഷജീർ എന്നയാളെ തേടിയാണ് ഡാൻസാഫ് സംഘം കലൂരിലേക്ക് എത്തിയത്. പി. ജി.എസ് വേദാന്ത ഹോട്ടലിന് മുൻപിൽ വച്ച് ഇയാളുടെ ലോക്കേഷൻ ഓഫായി. ഷജീർ ഹോട്ടലിൽ എത്തി എന്ന സംശയത്തിൽ പൊലീസ് ഉദ്യോഗസ്ഥർ റിസപ്ഷനിൽ എത്തി അന്വേഷിച്ചപ്പോൾ ആണ് ഷൈൻ അവിടെ റൂം എടുത്ത കാര്യം വ്യക്തമായത്. ഇതോടെ ഉദ്യോഗസ്ഥർ ഷജീർ ഷൈൻ ടോമിനൊപ്പം റൂമിൽ ഉണ്ട് എന്ന സംശയത്തിൽ ഷൈൻ്റെ റൂമിലേക്ക് എത്തി.
തനിക്ക് റൂം സർവീസ് ഒന്നും വേണ്ടെന്നും ആരും ശല്യപ്പെടുത്തരുത് എന്നും ഷൈൻ ഹോട്ടൽ ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു. അന്നേ ദിവസം രാവിലെ മുതൽ ഷൈൻ റൂമിൽ ഉണ്ട് എന്നാണ് ഉദ്യോഗസ്ഥർക്ക് കിട്ടിയ വിവരം. റൂമിലേക്ക് എത്തിയ പൊലീസ് വാതിലിൽ ഒരുപാട് നേരം മുട്ടി വിളിച്ചു എങ്കിലും ഷൈൻ വാതിൽ തുറന്നില്ല. വതിലിലെ ലെൻസിലൂടെ ഉദ്യോഗസ്ഥരെ കണ്ട ഷൈൻ മൂന്നാം നിലയിലെ റൂമിൽ നിന്നും താഴോട്ട് ചാടി രക്ഷപ്പെടുകയായിരുന്നു എന്നാണ് വിവരം.