ഇലന്തൂരിലെ നരബലിയുടെ മുഖ്യ സൂത്രധാരനായ മുഹമ്മദ് ഷാഫി കൊടും ക്രിമിനലെന്ന് പൊലീസ്. ഷാഫിക്കെതിരെ മുമ്പും നിരവധി കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 2020ൽ പുത്തൻകുരിശിൽ 75കാരിയെ പീഡിപ്പിച്ച ശേഷം സ്വകാര്യ ഭാഗങ്ങളിൽ അടക്കം ക്രൂരമായി മുറിവേൽപ്പിച്ച കേസിലും ഷാഫി പ്രതിയാണ്. കൊച്ചിയിൽ ഹോട്ടൽ നടത്തിയിരുന്ന ഷാഫിയുടെ ഇടപാടുകൾ എല്ലാം ദുരൂഹമാണെന്നും ഇതിൽ അന്വേഷണമുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
മകന്റെ മദ്യപാനം മാറ്റി തരാം എന്ന് പറഞ്ഞാണ് ഷാഫി വീട്ടിലെത്തിയതെന്ന് പീഡനക്കേസിലെ കൂട്ടുപ്രതിയായ ഓമന പറയുന്നു. ഓമനയുടെ വീട്ടിൽ മുറുക്കാൻ വാങ്ങാനെത്തിയ വയോധികയെ ആണ് പീഡിപ്പിച്ചത്. കേസിൽ ഷാഫിയും ഓമനയും ഉൾപ്പെടെ മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്. കൊടും ക്രിമിനലായ ഷാഫി ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും പോലീസ് പറയുന്നു.
ഷാഫിയുടെ ഇടപാടുകളെല്ലാം ദുരൂഹമാണെന്നാണ് ഇയാളെ അറിയുന്നവരുടെ പ്രതികരണം. കൊച്ചി നഗരത്തിൽ ഹോട്ടൽ നടത്തിയിരുന്ന ഷാഫി പ്രദേശത്തെ ലോട്ടറി കച്ചവടക്കാരായ സ്ത്രീകളെയാണ് നരബലിക്കായി ഉന്നം വച്ചിരുന്നത്. ലഹരികടത്ത് സംഘത്തിലെ പ്രധാനിയാണ് ഷാഫിയെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഷാഫി, റഷീദ് എന്നിങ്ങനെ പല പേരുകളിലായിരുന്നു ഇയാൾ അറിയപ്പെട്ടിരുന്നത്.