ചാമരാജനഗറിലെ തക്കാളി തോട്ടങ്ങള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തി പൊലീസ്. കൃഷി തോട്ടങ്ങളില്‍ നിന്ന് തക്കാളി മോഷണം പോകുന്ന സാഹചര്യത്തിലാണ് നടപടി. തോട്ടങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തക്കാളി കര്‍ഷകന്റെ ഒന്നര ഏക്കറോളം വരുന്ന തക്കാളി കൃഷി കഴിഞ്ഞ ദിവസം വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ഒരാള്‍ നശിപ്പിച്ചിരുന്നു. ഇതില്‍ 20 ലക്ഷത്തോളം നഷ്ടമാണ് കര്ഷകന് ഉണ്ടായത്. ഈ സാഹചര്യത്തില്‍ ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തോട്ടത്തിന് സംരക്ഷണം നല്കാന് പൊലീസ് തയ്യാറായിട്ടുണ്ട്.
തക്കാളി കിലോയ്ക്ക് 160 രൂപയോളം ആയി നില്‍ക്കുന്നതിനിടെയാണ് മൂന്ന് ഏക്കറില്‍ തക്കാളി കൃഷി ചെയ്ത കര്‍ഷകന്റെ ഒന്നര ഏക്കറോളം വരുന്ന തക്കാളി ചെടികള്‍ അരിവാളെടുത്ത് വെട്ടി നശിപ്പിച്ചത്.
ഇതിന് പിന്നാലെ തക്കാളി കൃഷി നടത്തുന്ന സ്ഥലങ്ങളില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കിയിരിക്കുകയാണ്. എല്ലാ കര്‍ഷകര്‍ക്കും സംരക്ഷണം നല്കാന് കഴിഞ്ഞെന്ന് വരില്ല. പക്ഷെ തക്കാളി വിളയിക്കുന്ന സ്ഥലങ്ങളില്‍ ശ്രദ്ധിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി ചാമരാജനഗരയിലെ പൊലീസ് സൂപ്രണ്ട് പദ്മിനി സഹൂ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
തക്കാളിക്ക് വില കൂടിയതോടെ തക്കാളി കൃഷി ചെയ്യാന്‍ നിരവധി കര്‍ഷകരാണ് മുന്നോട്ട് വരുന്നത്. ചാമരാജനഗര ജില്ലയില്‍ മാത്രം 30,000 ടണ്‍ തക്കാളി വിളവെടുക്കുന്നുണ്ട്.
എന്നാല്‍ കൃഷി വര്‍ധിച്ചതോടെയാണ് മോഷണവും സ്ഥിരമായത്. കര്‍ണാടകയില്‍ പലയിടങ്ങളിലും തക്കാളി മോഷണം പോകുന്ന സാഹചര്യവുമുണ്ടായിരുന്നു. ഒരാഴ്ച മുമ്പ് കോലാറില്‍ നിന്ന് രാജസ്ഥാനിലേക്ക് കൊണ്ട് പോയ 20 ലക്ഷം രൂപയുടെ തക്കാളി ഡ്രൈവര്‍ ഗുജറാത്തില്‍ കൊണ്ടു പോയി മറിച്ചുവിറ്റ് കടന്നു കളയുകയായിരുന്നു. ചിത്ര ദുര്‍ഗയില്‍ നിന്ന് കോലാറിലേക്ക് കൊണ്ട് പോയ 2000 കിലോ തക്കാളി വാഹനം തടഞ്ഞ് തട്ടിക്കൊണ്ട് പോവുകയും ചെയ്തിരുന്നു.