കോട്ടയം: പരാതി അന്വേഷിക്കാൻ വീട്ടിലെത്തിയ പൊലീസുകാരനെ മദ്യലഹരിയിൽ ഗൃഹനാഥൻ അടിച്ചു വീഴ്ത്തി കോട്ടയം പാമ്പാടിയിലാണ് സംഭവം. പാമ്പാടി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ജിതിനാണ് മർദ്ദനമേറ്റത്. ഞായറാഴ്ച അർധരാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.
പാമ്പാഴി നെടുംകുഴി സ്വദേശി സാം ആണ് പൊലീസ് ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്തത്. മദ്യലഹരിയിൽ വീട്ടിലെത്തിയ സാം തന്നേയും മക്കളേയേയും മർദ്ദിക്കുന്നുവെന്ന് സാമിൻ്റെ ഭാര്യ പൊലീസിൽ വിളിച്ച് പരാതിപ്പെട്ടിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനാണ് ജിതിനും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും നെടുംകുഴിയിലെ സാമിൻ്റെ വീട്ടിലെത്തിയത്.
എന്നാൽ മദ്യ ലഹരിയിലായിരുന്ന സാം കണ്ടയുടനെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. ജിതിനെ അടിച്ചു വീഴ്ത്തിയ സാം സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു. പരിക്കേറ്റ ജിതിനെ കോട്ടയം മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ട സാമിനെ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇയാൾക്കെതിരെ ക്രിമിനൽ നിയമപ്രകാരം കേസെടുത്തുവെന്നും പിടികൂടാൻ തെരച്ചിൽ തുടരുകയാണെന്നും പാമ്പാടി പൊലീസ് അറിയിച്ചു.