കോഴിക്കോട്: കണ്ണൂർ പാനൂരിലെ ബോംബ് സ്ഫോടനത്തിന് പിന്നാലെ കോഴിക്കോട് – കണ്ണൂർ അതിർത്തി മേഖലകളിൽ സുരക്ഷാസേനയുടെ വ്യാപക പരിശോധന. പാനൂരുമായി അതിർത്തി പങ്കിടുന്ന കണ്ണൂരിലേയും കോഴിക്കോട്ടേയും പ്രദേശങ്ങളിലോണ് പൊലീസും സിആർപിഎഫും ചേർന്ന് പരിശോധന നടത്തുന്നത്.
നാദാപുരം, വളയം പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള ചെറ്റക്കണ്ടിപാലം, ഉമ്മത്തൂർ, കായലോട്ട് താഴെ, പെരിങ്ങത്തൂർ എന്നീ ഗ്രാമമേഖലകളിലാണ് സിആർപിഎഫ് ,കേരള പൊലീസ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നീ സേനാ വിഭാഗങ്ങൾ ചേർന്ന് പരിശോധന നടത്തുന്നത്.
ഇന്നലെ പാനൂർ കുന്നോത്ത് പറമ്പിലുണ്ടായ ബോംബ് നിർമ്മാണത്തിനിടെ ഒരാൾ മരിക്കുകയും. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മേഖലയിൽ ആകെവ്യാപക പരിശോധന നടത്തിയത്. ചെക്യാട് പഞ്ചായത്തിലെ കായലോട്ട്, ചെറ്റക്കണ്ടി എന്നീ പ്രദേശങ്ങളിലും സിആർപിഎഫും പൊലീസും ഇന്ന് റൂട്ട് മാർച്ചും നടത്തി.