തിരുവനന്തപുരം: വയനാട് ദുരിതബാധിതർക്കായുള്ള ടൗൺഷിപ്പിൻറെ നിർമ്മാണ ചുമതല ഊരാളുങ്കലിന് ലഭിക്കാൻ സാധ്യത. ഇക്കാര്യത്തിൽ അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടാകും എന്നാണ് സൂചന. കിഫ്ബിയുടെ കൺസൾട്ടൻസിയായ കിഫ്കോണിൻറെ മേൽനോട്ടത്തിലാകും നിർമ്മാണ പ്രവർത്തനങ്ങൾ.
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കാൻ രണ്ട് സ്ഥലങ്ങളിലായി ടൗൺഷിപ്പ് നിർമ്മിക്കാനാണ് നിലവിലെ പദ്ധതി. ആയിരം ചതുരശ്ര അടിയിലാവും വീടുകൾ നിർമ്മിക്കുക. ഉടമകൾക്ക് ആവശ്യമെങ്കിൽ ഭാവിയിൽ മുകളിലേക്ക് കൂടി നിർമ്മിച്ചെടുക്കാൻ സാധിക്കുന്ന തരത്തിലാണ് വീടിൻ്റെ രൂപരേഖ. നിർമ്മാണം ആരംഭിച്ചാൽ പിന്നെ സമയബന്ധിതമായി പൂർത്തിയാക്കുക എന്നതാണ് സർക്കാരിൻ്റെ പദ്ധതി.
കിഫ്ബിയുടെ കൺസൾട്ടൻസിയായ കിഫ്കോണിനെ മേൽനോട്ടം ഏൽപ്പിച്ച് നിർമ്മാണ ചുമതല ഊരാളുങ്കലിന് നൽകാനാണ് ഇപ്പോഴത്തെ ആലോചന. പ്രത്യേക മന്ത്രിസഭായോഗത്തിൽ ചീഫ് സെക്രട്ടറി അവതരിപ്പിച്ച രൂപരേഖ വിശദമായി പഠിച്ച ശേഷമാകും അടുത്ത മന്ത്രിസഭായോഗത്തിൽ തുടർ തീരുമാനം. ടൗൺഷിപ്പ് നിർമ്മാണത്തിന് കണ്ടെത്തിയ നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളുമായി ബന്ധപ്പെട്ട ഭൂമി തർക്കത്തിൽ ഡിസംബർ 27ന് ഹൈക്കോടതി വിധി പറയും. ഇതോടെ നിലവിലെ അനിശ്ചിതാവസ്ഥ ഒഴിവാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഹൈക്കോടതി വിധി വന്നാൽ പിന്നെ അതിവേഗം ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കും എന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. ദുരന്തത്തിന് പിന്നാലെ നിരവധി വ്യക്തികളും സംഘടനകളും ദുരിതബാധിതർക്ക് വീട് വച്ചു നൽകാം എന്നു വ്യക്തമാക്കിയിരുന്നു. ഇവരുമായെല്ലാം മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തും. സർക്കാർ നിശ്ചയിച്ച തരത്തിലും ബലവും സൌകര്യങ്ങളുമുള്ള വീടുകൾ നിർമ്മിക്കാൻ തയ്യാറാകുന്നവർക്ക് സ്ഥലം വിട്ടു കൊടുക്കും. അല്ലാത്ത സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും പണം വാങ്ങി സർക്കാർ തന്നെ വീട് പണിയാനുമാണ് തീരുമാനം.