മദ്രസ വിദ്യാര്‍ത്ഥികളെ തെരുവുനായ ആക്രമണത്തിൽ നിന്നും സംരക്ഷിക്കാന്‍ തോക്കുമായി അകമ്പടി പോയ ടൈഗര്‍ സമീറിനെതിരേ പൊലീസ് കേസെടുത്തു. ഐപിസി 153 വകുപ്പ് പ്രകാരമാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. സമൂഹത്തില്‍ ലഹളക്ക് ഇടയാക്കുന്ന രീതിയിൽ വീഡിയോ പ്രചരിപ്പിക്കുക, തെരുവുനായകളെ കൊല്ലാന്‍ ആഹ്വാനം ചെയ്യുക എന്നീ കുറ്റങ്ങൾക്കാണ് പൊലീസ് കേസെടുത്തത്. സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന കുറ്റമാണിത്.
നായയുടെ ആക്രമണം പേടിച്ച് കുട്ടികൾ മദ്രസിയിൽ പോകാതിരുന്നപ്പോഴാണ് വീട്ടിലെ തോക്കെടുത്ത് കുട്ടികളെ കൊണ്ടുവിടാമെന്ന് സമീർ പറഞ്ഞത്. കുട്ടികളൊക്കെ അപ്പോള്‍ ആവേശത്തോടെ തന്റെ കൂടെവന്നു. എന്റെ മകനാണ് വീഡിയോ പകര്‍ത്തിയതെന്നും സമീർ പറഞ്ഞു. നാട്ടിലെ ഒരു വാട്സാപ്പ് ഗ്രൂപ്പിലിട്ടതോടെ വീഡിയോ വൈറലാവുകയായിരുന്നുവെന്നും ചെയ്തത് നല്ലകാര്യമാണെന്നാണ് നാട്ടുകാർ എല്ലാവരും പറഞ്ഞതെന്നും എന്നാൽ കേസെടുത്തതിൽ വിഷമമുണ്ടെന്നും സമീർ പ്രതികരിച്ചു.