വടക്കൻ ഫിലിപ്പീൻസിൽ നാശം വിതച്ച് നോറു ചുഴലിക്കാറ്റ് വീശിയടിച്ചു. തിങ്കളാഴ്ച ചുഴലിക്കാറ്റ് ശക്തമായതോടെ രക്ഷാപ്രവർത്തനം ദുസ്സഹമായിരിക്കുകയാണ്. അഞ്ച് രക്ഷാപ്രവർത്തകർ ഇതിനകം മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. വെള്ളപ്പൊക്കത്തിൽ വൈദ്യുതി തടസ്സപ്പെടുകയും ഓഫീസുകളുടെ പ്രവർത്തനങ്ങൾ നിലയ്ക്കുകയും ചെയ്തു.
വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ താമസക്കാരെ സഹായിക്കാൻ ബോട്ട് ഉപയോഗിച്ചിരുന്ന അഞ്ച് രക്ഷാപ്രവർത്തകർ ഇടിഞ്ഞുവീഴാറായ ഭിത്തിയിൽ ഇടിച്ച ശേഷം വെള്ളപ്പൊക്കത്തിൽ മുങ്ങിമരിക്കുകയായിരുന്നെന്ന് മനിലയുടെ വടക്ക് ബുലാകാൻ പ്രവിശ്യയിലെ ഗവർണർ ഡാനിയൽ ഫെർണാണ്ടോ പറഞ്ഞു. വടക്കുകിഴക്കൻ ക്യൂസോൺ പ്രവിശ്യയിലെ പോളില്ലോ ദ്വീപിൽ ഒരാൾക്ക് വീടിന്റെ മേൽക്കൂരയിൽ നിന്ന് വീണ് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.
ഈ വർഷം രാജ്യത്തെ ബാധിച്ച ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. ക്യൂസോൺ പ്രവിശ്യയിലെ ബർദിയോസ് പട്ടണത്തിലെ തീരത്ത് കാറ്റ് ആഞ്ഞടിച്ചതോടെ പ്രധാന ലുസോൺ മേഖലയിലുടനീളം ആയിരക്കണക്കിന് ആളുകളെ അടിയന്തിര അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. ക്യൂസോണിൽ അപകടസാധ്യതയുള്ള കമ്മ്യൂണിറ്റികളിൽ നിന്ന് 17,000-ത്തിലധികം ആളുകളെ അടിയന്തര അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
രാത്രിയിൽ ശക്തമായ കാറ്റിലും മഴയിലും നാശം വിതച്ച മെട്രോപൊളിറ്റൻ മനിലയിൽ മൂവായിരത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. മുൻകരുതലിന്റെ ഭാഗമായി തലസ്ഥാനത്തും പ്രവിശ്യകളിലും ക്ലാസുകളും സർക്കാർ ജോലികളും തിങ്കളാഴ്ച നിർത്തിവച്ചിരിക്കുകയാണ്.
ചുഴലിക്കാറ്റ് നാശം വിതച്ച അറോറ, ന്യൂവ എസിജ എന്നീ വടക്കൻ പ്രവിശ്യകളിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങി. വൈദ്യുതി തിരികെ കൊണ്ടുവരാനുള്ള അറ്റകുറ്റപ്പണികൾ ജോലി ചെയ്യുന്നുണ്ടെന്ന് ഊർജ സെക്രട്ടറി റാഫേൽ ലോട്ടില്ല പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് അറിയിച്ചു.