കൊച്ചി: 5 വർഷം ഫയലിൽ ഉറങ്ങിയ ശേഷം പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയെ അക്ഷരാർത്ഥത്തിൽ പിടിച്ചു കുലുക്കുകയാണ്. താര സംഘടന അമ്മയുടെ പ്രസിഡൻ്റ് സിദ്ദിഖ്, ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് എന്നിവർക്ക് മണിക്കൂറുകളുടെ ഇടവേളയിൽ ആണ് ഇപ്പോൾ പദവികൾ രാജി വയ്ക്കേണ്ടി വന്നിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പുറത്ത് വിട്ട വിവരങ്ങളിൽ ഇരുവർക്കുമെതിരെ പരാമർശങ്ങളില്ല. എന്നാൽ റിപ്പോർട്ട് പുറത്തു വന്ന ശേഷം മലയാള സിനിമയിൽ രൂപപ്പെട്ട സാഹചര്യമാണ് നിലവിലെ രാജികൾക്ക് വഴിയൊരുക്കിയത്.
2019ൽ തന്നെ സിദ്ദിഖിനെതിരെ ലൈംഗിക അതിക്രമം നടത്താൻ ശ്രമിച്ചെന്ന യുവനടിയുടെ പരാതി പുറത്ത് വന്നിരുന്നു. ഇത്രകാലവും ഈ വിഷയത്തിൽ എന്തെങ്കിലുമൊരു തുടർ നീക്കം ഉണ്ടായിരുന്നില്ല.
എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ സാഹചര്യം മാറി. കൂടുതൽ നടിമാർ അവർ നേരിട്ട ദുരനുഭവങ്ങൾ തുറന്നു പറഞ്ഞു. എന്നാലിപ്പോഴും വേട്ടക്കാരുടെ പേരുകൾ പറയാൻ പലരും തയ്യാറല്ല.
കഴിഞ്ഞ ദിവസങ്ങളിൽ ഉർവശി, അൻസിബ ഹസ്സൻ എന്നീ നടിമാർ തങ്ങൾക്ക് ചില മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഇനി അതേക്കുറിച്ച് പറയാൻ താത്പര്യപ്പെടുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഇനിയെങ്കിലും സിനിമയിൽ വേണമെന്നും അതിനായി എല്ലാവരും ചേർന്ന് ശ്രമിക്കണം എന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.
ആ രീതിയിൽ സർക്കാരിൽ നിന്നും ഇനി എന്ത് നടപടിയുണ്ടാവും എന്നാണ് ഇനി അറിയേണ്ടത് . ചലച്ചിത്ര സംഘടകളുടെ കോൺക്ലേവ് വിളിച്ചു കൂട്ടി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിശദമായ ചർച്ച എന്നാണ് മന്ത്രി പറയുന്നത്. അതിനോട് പലരും വിയോജിപ്പ് രേഖപ്പെടുത്തി കഴിഞ്ഞു.
രൺജിത്തിനെതിരെ വെളിപ്പെടുത്തൽ നടത്തിയ ശ്രീദ്ദേവി മിത്ര അദ്ദേഹത്തിനെതിരെ നിയമനടപടിക്ക് ഇല്ല എന്ന സൂചനയാണ് നൽകിയത്. ഇപ്പോൾ നടക്കുന്ന തുറന്നു പറച്ചിലുകൾക്ക് അപ്പുറം എത്ര പേർ നിയമപരമായി നീതി തേടും എന്നതും പ്രധാനമാണ്. അല്ലെങ്കിൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങൾക്കും ചർച്ചകൾക്കും അപ്പുറം ഒരു മാറ്റവും ഉണ്ടാവില്ല.
അതെ സമയം സിനിമയിലെ സ്വാധീനം വച്ച് സ്ത്രീകളെ വേട്ടയാടാൻ ശ്രമിച്ചവരെയാകെ മുൾമുനയിൽ നിർത്താൻ പുതിയ സംഭവങ്ങൾക്ക് സാധിച്ചിട്ടുണ്ട്. അതിക്രമങ്ങളും ചൂഷണങ്ങളും നേരിടേണ്ടി വന്നവർ പുറത്ത് പറഞ്ഞ പേരുകളിൽ മരണപ്പെട്ടവർ അടക്കമുള്ള പ്രമുഖരുടെ പേര് കേട്ട് പൊതുജനം ഞെട്ടിയിരിക്കുന്ന അവസ്ഥയാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതൽ മലയാള സിനിമയിൽ സ്ത്രീകളെ ഒരു വിഭാഗം ചൂഷണം ചെയ്യാൻ ശ്രമിച്ചിരുന്നു എന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശം സിനിമയുടെ വികൃതമായ ഒരു മുഖമാണ് കാണിക്കുന്നത്. സിനിമയുള്ള കാലം മുതൽ തുടരുന്ന ഈ ചൂഷണം വലിയ രീതിയിൽ ചർച്ചയായി എന്നതാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ ഏറ്റവും വലിയ ഇംപാക്ട്.
അതേസമയം തലമുറ മാറ്റവും സാങ്കേതിക വിപ്ലവങ്ങളും ഇന്നത്തെ സിനിമയിൽ സ്ത്രീകൾക്ക് കുറേക്കൂടി സ്വതന്ത്ര്യമായി പ്രവർത്തിക്കാൻ വഴിയൊരുക്കി എന്ന് കരുതുന്നവരും ഉണ്ട്. സ്ത്രീപക്ഷ സിനിമകളും സിനിമയിലെ വനിതകളുടെ എണ്ണവും മുൻപില്ലാത്ത വിധം വർദ്ധിച്ചു. പ്രൊഡക്ഷൻ രംഗത്തും മുൻപില്ലാത്ത വിധം സ്ത്രീ സാന്നിധ്യമുണ്ട്. അപ്പോഴും ജൂനിയർ ആർട്ടിസ്റ്റുകൾ അടക്കമുള്ളവർ നേരിടുന്ന പ്രശ്നങ്ങൾ മാറ്റമില്ലാതെ തുടരുന്നു.
നടിയെ ആക്രമിച്ച സംഭവത്തോടെയാണ് മലയാള സിനിമയിലെ സ്ത്രീകളുടെ സുരക്ഷ വലിയ രീതിയിൽ ചർച്ചയാവുന്നത്. വ്യക്തി വൈര്യാഗത്തിൻ്റെ പുറത്ത് നടൻ ദിലീപ് നൽകിയ ക്വട്ടേഷൻ പ്രകാരം പൾസർ സുനിയും സംഘവും നടിയെ ആക്രമിച്ചു എന്നായിരുന്നു പോലീസിൻ്റെ കണ്ടെത്തൽ. ഈ കേസിൽ ഇപ്പോഴും വിചാരണ തുടരുകയാണ്.
സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന പൾസർ സുനി മുൻപും സമാനമായ കൃത്യങ്ങൾ ചെയ്തിരിക്കാം എന്ന് പോലീസ് സംശയിക്കുന്നു. സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ എത്രത്തോളം അപകടത്തിലാണ് എന്നതിൻ്റെ തെളിവായിരുന്നു പൾസർ സുനി അടക്കമുള്ളവരുടെ സാന്നിധ്യം.