ഇന്ത്യയുടെ മിസൈല്‍ സംവിധാനങ്ങള്‍ സംബന്ധിച്ച രഹസ്യവിവരങ്ങല് ഹണിട്രാപ്പിലൂടെ ചോര്‍ത്തി പാക് ചാര സംഘടന. പൂനെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനിലെ (ഡിആര്‍ഡിഒ) ശാസ്ത്രജ്ഞനായ പ്രദീപ് കുരുല്ക്കറില് നിന്നാണ് പാക് ചാര വനിത രഹസ്യങ്ങള്‍ ചോര്‍ത്തിയത്. സാറാ ദാസ് ഗുപ്ത എന്ന പേരിലാണ് സ്ത്രീ പ്രദീപ് കുരുല്‍ക്കറുമായി അടുത്തത്.
ബ്രഹ്മോസ് അടക്കമുള്ള മിസൈലുകളുടെ വിവരങ്ങള്‍ പാക് ചാരവനിതയ്ക്ക് കൈമാറിയതായി കുറ്റപത്രത്തിലുണ്ട്. പാക് ചാരവനിത നല്കിയ സോഫ്റ്റ് വെയറുകള്‍ കരുല്ക്കര് സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
മെയ് മൂന്നിനാണ് ചാരവൃത്തി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദീപിനെ അറസ്റ്റ് ചെയ്തത്. ഫോണ്‍ സംഭാഷണങ്ങളും ചാറ്റുകളും പരശോധിച്ചതില്‍ നിന്നാണ് പല രഹസ്യ വിവരങ്ങളും അദ്ദേഹം പാക് ചാര വനിതയുമായി പങ്കുവെച്ചതായി കണ്ടെത്തിയത്.
കുരുല്‍ക്കറിനെതിരെ കഴിഞ്ഞയാഴ്ചയാണ് എടിഎസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരമാണ് പ്രദീപ് കുരുല്‍ക്കറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാട്സാപ്പ് വീഡിയോ,വോയ്സ് കോളുകളിലൂടെയാണ് ഇരുവരും ബന്ധപ്പെട്ടിരുന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. യു.കെയില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറാണെന്നാണ് ഇവര്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്. എന്നാല്‍ അന്വേഷണത്തില്‍ സാറയുടെ ഐപി അഡ്രസ് പാകിസ്താനില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തി.
ഇന്ത്യയുടെ ബ്രഹ്മോസ് ലോഞ്ചര്‍, ഡ്രോണുകള്‍, അഗ്നി മിസൈല്‍ ലോഞ്ചര്‍, സൈന്യത്തിന്റെ ബ്രിഡ്ജിംഗ് സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട രഹസ്യങ്ങളും പാക് ചാര വനിതയുമായി പങ്കുവെച്ചതായാണ് വിവരം. ഇതിന് പുറമെ ഡിആര്‍ഡിഒ ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആളില്ലാ വിമാനങ്ങളായ ഭാരത് ക്വാഡ്കോപ്റ്റര്‍ ഉള്‍പ്പെടെയുള്ളവയുടെ വിശദ വിവരങ്ങളും കൈമാറി.
അഗ്നി -6 ലോഞ്ചര്‍ പരീക്ഷണം വിജയകരമായിരുന്നോ എന്ന ചോദ്യത്തിന് അത് എന്റെ ഡിസൈന്‍ ആയിരുന്നുവെന്നും വിജയമായിരുന്നെന്നും പ്രദീപ് മറുപടി നല്‍കുന്നുണ്ട്. അഗ്നി 6 ന്റെ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ടും അതിന്റെ ടെസ്റ്റിംഗ് എപ്പോള്‍ നടക്കുമെന്നും അതിന്റെ പദ്ധതികളില്‍ വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ചുമെല്ലാം യുവതി ചോദിക്കുന്നുണ്ട്. ഇതിന് കുരുല്‍ക്കര്‍ മറുപടിയും നല്‍കുന്നുണ്ട്.