പാകിസ്ഥാൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് റിപ്പോർട്ട്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിനിമയനിരക്കിലാണ് ഇപ്പോൾ പാകിസ്താൻ രൂപയുടെ സ്ഥാനം. അതേസമയം രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. എന്നാൽ പ്രതിസന്ധി പരിഹരിക്കാൻ ചെലവു ചുരുക്കൽ പദ്ധതികൾ രാജ്യം ആവിഷ്കരിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം ഡോളറിനെതിരെയുള്ള പാക്കിസ്ഥാൻ രൂപയുടെ വിനിമയനിരക്ക് 255 രൂപയായി കുറഞ്ഞിട്ടുണ്ട്. 24 രൂപയുടെ ഇടിവാണ് ഇന്നലെ മാത്രം രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര നാണ്യനിധിയുടെ നിർദേശ പ്രകാരം വിപണി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു. ഇത് മൂലമാണ് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതെന്ന് വിലയിരുത്തുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ ഐഎംഎഫിൽ നിന്ന് അടിയന്തരസഹായത്തിനായി അഭ്യർത്ഥിച്ചിട്ടുമുണ്ട്. ഇതിന് പിന്നാലെയാണ് സർക്കാർ നിയന്ത്രണങ്ങൾ പിൻവലിച്ചത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് സർക്കാർ അടിയന്തരയോഗം വിളിച്ചു ചേർത്തിരുന്നു. എംപിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുക, വൈദ്യുതി, പ്രകൃതിവാതകവില വർധിപ്പിക്കുക തുടങ്ങിയ കടുത്ത ചെലവുചുരുക്കൽ നടപടികളിലേക്ക് കടക്കാനാണ് രാജ്യം തീരുമാനിച്ചിട്ടുള്ളത്. കൂടാതെ സൈന്യത്തിനും സർക്കാർ ഉദ്യോഗസ്ഥർക്കും അനുവദിച്ചു നൽകിയ ഭൂമിയും തിരിച്ചെടുക്കും. ഇന്റലിജൻസ് ഏജൻസികൾക്ക് ഫണ്ടിംഗിനുള്ള വിവേചനാധികാരം വെട്ടിച്ചുരുക്കുകയും ചെയ്യുമെന്നാണ് സൂചന.
അതേസമയം വൈദ്യുതി വിതരണശൃംഖലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് ഉണ്ടായ തകരാറുമൂലം രാജ്യത്ത് വൈദ്യുതി മുടങ്ങിയിരുന്നു. 22 കോടിയിലേറെപ്പേരാണ് അന്ന് ഇരുട്ടിലായത്. അതിന് ശേഷം കടുത്തസാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാൻ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ചന്തകളും ഷോപ്പിങ് മാളുകളും എട്ടരയ്ക്ക് അടയ്ക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ നടപ്പാക്കിയിരുന്നു.