ദുബായില്‍ മലയാളിയെ തട്ടക്കൊണ്ടു പോയി കൊലപ്പെടുത്തി കുഴിച്ചിട്ട കേസില്‍ മൂന്ന് പാകിസ്ഥാനികള്‍ അറസ്റ്റില്‍. ദുബായിലെ ട്രേഡിംഗ് കമ്പനിയില്‍ പിആര്‍ഒയായി ജോലി ചെയ്ത് വരികയായിരുന്ന അനിലിനെ ജനുവരി രണ്ടിനാണ് കാണാതായത്. സഹോദരന് പ്രകാശിന്റെ നിര്‍ദേശ പ്രകാരം സ്റ്റോക്ക് പരിശോധനയ്ക്ക് പാകിസ്ഥാന് സ്വദേശിക്കൊപ്പം പോയ അനില്‍ മടങ്ങി വന്നില്ല. തുടര്‍ന്ന് കുടുംബം നല്കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊല്ലപ്പെട്ടതായുള്ള വിവരം പുറത്തുവരുന്നത്.
പേരൂര്‍ക്കട സ്വദേശിയാണ് അനില്‍ വിന്‍സെന്റ്. അനിലിനൊപ്പം ജോലി ചെയ്തിരുന്ന മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ അന്വേഷണത്തിനും കേസ് കൊടുക്കാനുമൊക്കെ ജീവനക്കാര്‍ക്കൊപ്പം പ്രതിയും ഉണ്ടായിരുന്നു. പിന്നീട് ഒളിവില്‍ പോയ ആളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊലപാതകത്തിന് സഹായിച്ച മറ്റു രണ്ട് പേരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതേസമയം മൃതദേഹം മറവു ചെയ്യാന്‍ കൊണ്ടു പോയ വാഹനത്തിന്റെ ഡ്രൈവറായ പാകിസ്ഥാനി നാട്ടിലേക്ക് കടന്നു കളഞ്ഞു.ജോലിയുമായി ബന്ധപ്പെട്ട് ഉണ്ടായ മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതാണ് പൊലീസിന്റെ നിഗമനം. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.