ട്വന്റി 20 ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റായി പാകിസ്ഥാൻ. സെമിയിൽ ന്യൂസിലൻഡിനെ 7 വിക്കറ്റിന് തകർത്താണ് പാകിസ്ഥാന്റെ ഫൈനൽ പ്രവേശനം. നായകന് ബാബര്‍ അസമിന്റേയും വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാന്റേയും തകർപ്പൻ അർധസെഞ്ചുറിയാണ് പാകിസ്ഥാന് ഉജ്വല വിജയം സമ്മാനിച്ചത്.
154 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്റെ ജയം അവസാന ഓവറിലായിരുന്നു. 42 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെ സഹായത്തോടെ 53 റണ്‍സെടുത്താണ് ബാബര്‍ മടങ്ങിയത്. 43 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെ 57 റണ്‍സെടുത്താണ് റിസ്വാന് ക്രീസ് വിട്ടത്. ന്യൂസിലന്‍ഡിനായി ട്രെന്റ് ബോള്‍ട്ട് 2വിക്കറ്റെടുത്തപ്പോള്‍ സാന്റ്നര്‍ ഒരു വിക്കറ്റ് വീഴ്ത്തി.
പാകിസ്ഥാന്റെ മൂന്നാം ട്വന്റി 20 ലോകകപ്പ് ഫൈനലാണിത്. 2007 ഫൈനലില്‍ ഇന്ത്യയോട് തോറ്റ് പാകിസ്ഥാന് 2009-ല്‍ കിരീടം നേടിയിട്ടുണ്ട്. നാളത്തെ ഇന്ത്യ – ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെ പാകിസ്ഥാൻ ഫൈനലിൽ നേരിടും.