ഇസ്ലാമാബാദ്: കാലങ്ങളായി പാകിസ്ഥാൻ ഭീകര പ്രവർത്തനത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് സമ്മതിച്ച് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ബ്രിട്ടീഷ് മാധ്യമമായ സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്ഥാൻ മന്ത്രിയുടെ വെളിപ്പെടുത്തൽ.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അമേരിക്കക്കും പാശ്ചാത്യ ശക്തികൾക്കും വേണ്ടി വൃത്തികെട്ട ജോലി പാകിസ്ഥാന് ചെയ്യേണ്ടി വന്നു.സോവിയറ്റ്-അഫ്ഗാൻ യുദ്ധത്തിലും സെപ്റ്റംബർ 11 -ന് ശേഷം താലിബാനെതിരെ യുഎസ് നയിച്ച യുദ്ധത്തിലും പാകിസ്ഥാൻ പടിഞ്ഞാറൻ രാജ്യങ്ങളോട് സഹകരിക്കാതിരുന്നുവെങ്കിൽ ഈ ചീത്തപ്പേര് കേൾക്കേണ്ടി വരില്ലായിരുന്നുവെന്നും ഖ്വാജ ആസിഫ് ചൂണ്ടിക്കാട്ടി.
26 സാധാരണക്കാരെ തീവ്രവാദികൾ വെടിവച്ചു കൊന്ന പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇക്കാര്യം സമ്മതിച്ചത്. പാകിസ്ഥാൻ്റേത് അത്ര നല്ല ചരിത്രമല്ല. യുഎസ്, ബ്രിട്ടൻ പോലുള്ള പടിഞ്ഞാറൻ രാജ്യങ്ങൾക്ക് വേണ്ടി പാകിസ്ഥാൻ പലകാലത്തായി തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണച്ചിട്ടുണ്ട്.
സോവിയറ്റ് യൂണിയനെതിരെ പോരാടുന്നതിന് സായുധ തീവ്രവാദികളെ പരിശീലിപ്പിക്കുകയും അവർക്ക് അഭയം നൽകുകയും ചെയ്തുകൊണ്ട് പാകിസ്ഥാൻ സോവിയറ്റ്-അഫ്ഗാൻ യുദ്ധത്തിൽ അമേരിക്കയെ പിന്തുണച്ചു. ഒടുവിൽ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറുകയും താലിബാൻ ഭരണം പിടിച്ചെടുക്കുകയും ചെയ്തു. 2001-ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണങ്ങൾ ലോകത്തെ നടുക്കുന്നതുവരെ ഒരു ദശാബ്ദക്കാലം താലിബാൻ അഫ്ഗാനിൽ ഭരണം തുടർന്നു. ഒസാമ ബിൻ ലാദന്റെ അൽ-ഖ്വയ്ദയ്ക്ക് അഫ്ഗാനിസ്ഥാനിൽ താലിബാൻ അഭയം നൽകി. 2001 സെപ്റ്റംബർ 11 വേൾഡ് ട്രേഡ് സെന്റർ ആക്രമണം നടത്തി 2,996 പേരെ കൊലപ്പെടുത്തി. പിന്നീട് അഫ്ഗാനിൽ നിന്ന് താലിബാനെ തുരത്താൻ പാകിസ്ഥാൻ അമേരിക്കയെ പിന്തുണച്ചു.
അതിർത്തിക്കപ്പുറത്തുള്ള ഭീകര പ്രവർത്തനങ്ങൾക്ക് പാകിസ്ഥാൻ പിന്തുണ നൽകുകയും ധനസഹായം നൽകുകയും ചെയ്യുന്നെന്ന് ഇന്ത്യ വളരെക്കാലമായി ആരോപിച്ചുവരികയാണ്. ഇന്ത്യയ്ക്കെതിരെ സ്വന്തം മണ്ണിൽ തീവ്രവാദികളെ പിന്തുണയ്ക്കുകയും, ധനസഹായം നൽകുകയും, പരിശീലനം നൽകുകയും ചെയ്ത പാകിസ്ഥാൻ, പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ പിന്തുണക്കുകയും ചെയ്തു. ഭീകരൻ ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ലഷ്കർ-ഇ-തൊയ്ബയുടെ ഒരു വിഭാഗമായ ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.