സവര്‍ക്കറുടെ ജന്മദിനത്തിലാണോ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. രാജ്യസഭയും ലോക്സഭയും പ്രസിഡന്റും അടങ്ങുന്നതാണ് പാര്‍ലമെന്റ്. എന്നാല്‍ ഇവിടെ പ്രസിഡന്റിനെ ഒഴിവാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റിയാസ്.
പിന്നാക്ക വിഭാഗത്തില്‍ നിന്ന് പ്രസിഡന്റ് എന്ന രീതിയില്‍ പ്രകടനപരമായ ഒരു തീരുമാനമെടുത്തത് കൊണ്ട് കാര്യമില്ലെന്നും റിയാസ് പറഞ്ഞു.
ജനാധിപത്യത്തിന്റെ എല്ലാമായ പാര്‍ലമെന്റ് ഉദ്ഘാടനം സവര്‍ക്കറുടെ ജന്മദിനത്തില് വെച്ചത് രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ജീവന് ത്യജിച്ച വ്യക്തികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും മന്ത്രി പറഞ്ഞു. പാര്‍ലമെന്റ് ഉദ്ഘാടനം എല്ലാ തരത്തിലും വിവാദമായിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് കേരളത്തിലെ ജനങ്ങളെ കഴുത്ത് ഞെരിച്ച് കൊല്ലുന്നതിന് തുല്യമാണെന്നും റിയാസ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര മനോഭാവമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.