തൊഴിലവസരങ്ങളുടെ കാര്യത്തിൽ യുഎഇ ലോകത്തിൽ ഒന്നാം സ്ഥാനത്താണ്. ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്ന രാജ്യത്തെ തൊഴിൽ നിയമങ്ങളാണ് ഈ നിലവാരത്തിലേക്ക് യുഎഇയെ ഉയർത്തിയത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരെ നിയന്ത്രിക്കുന്ന നിയമങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ജോലി ചെയ്യുന്ന സമയം.
നിശ്ചിത ഓഫീസ് സമയത്തിനപ്പുറം ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഓവർടൈമിന് അർഹതയുണ്ട്. ഇത്തരത്തിൽ യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള ജോലി സമയത്തെ സംബന്ധിച്ച് യുഎഇ സർക്കാർ പുറത്തുവിട്ടിരിക്കുന്ന പ്രധാന നിയന്ത്രണങ്ങൾ ഏതെന്ന് നോക്കാം…
- യുഎഇ തൊഴിൽ നിയമം അനുസരിച്ച്, സ്വകാര്യ മേഖലയിലെ സാധാരണ ജോലി സമയം പ്രതിദിനം 8 മണിക്കൂർ അല്ലെങ്കിൽ ആഴ്ചയിൽ 48 മണിക്കൂർ ആണ്. ഇത് ചില സാമ്പത്തിക മേഖലകൾക്കോ ചില വിഭാഗം തൊഴിലാളികൾക്കോ വർദ്ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യാം.
- ചില വിഭാഗത്തിലുള്ള തൊഴിലാളികൾ ഒഴികെ, വീട്ടിലേക്കും ഓഫീസിലേക്കുമുള്ള യാത്രകൾ പ്രവൃത്തി സമയത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
- ഒരു ജീവനക്കാരൻ ഒന്നിലധികം തൊഴിലുടമകൾക്ക് വേണ്ടി ജോലി ചെയ്യുകയാണെങ്കിൽ, തൊഴിൽ കരാറിൽ സമ്മതിച്ചിട്ടുള്ള മണിക്കൂറുകളേക്കാൾ കൂടുതൽ ജോലി ചെയ്യേണ്ടി വരില്ല. (തൊഴിലാളി രേഖാമൂലം അത് ചെയ്യാൻ സമ്മതിക്കുന്നില്ലെങ്കിൽ മാത്രം).
- തൊഴിലാളി വിദൂരമായി ജോലി ചെയ്യാൻ അഭ്യർത്ഥിക്കുകയും അത് അനുവദിക്കുകയും ചെയ്താൽ തൊഴിലുടമ നിർദ്ദിഷ്ട പ്രവൃത്തി സമയം നിശ്ചയിക്കണം.
- ജോലി സമയങ്ങൾക്കിടയിൽ ഇടവേളകൾ എടുക്കാൻ ഒരു ജീവനക്കാരന് അർഹതയുണ്ട്. അത് മൊത്തത്തിൽ ഒരു മണിക്കൂറിൽ കുറയാത്തതാവാം. കൂടാതെ, ഒരു ജീവനക്കാരന് ഒരു ദിവസം ഇടവേളയില്ലാതെ തുടർച്ചയായി അഞ്ച് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ പാടില്ല.
- അധിക സമയ ജോലി ഒരു ദിവസത്തിൽ രണ്ടിൽ കൂടരുത്. അധിക സമയം ജോലി ചെയ്യാൻ ജീവനക്കാരോട് ആവശ്യപ്പെടാം.
- ഒരു ജീവനക്കാരന് സാധാരണ സമയത്തിനപ്പുറം ജോലി ചെയ്യേണ്ടി വന്നാൽ അധിക സമയത്തിനുള്ള ശമ്പളം മണിക്കൂർ വേതനം (അടിസ്ഥാനം) കൂടാതെ ആ തുകയുടെ 25 ശതമാനവുമാണ്. രാത്രി 10 മണിക്കും പുലർച്ചെ 4 മണിക്കും ഇടയിൽ ഓവർടൈം ചെയ്താൽ ഇത് 50 ശതമാനമായി ഉയരും. ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഈ നിയമം ബാധകമല്ല.