ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന് ലോകത്തെ ഏറ്റവും മികച്ച ഓവറോൾ വിമാനത്താവളമെന്ന ബഹുമതി. 19ാമത് വാർഷിക ഗ്ലോബൽ ട്രാവലർ ടെസ്റ്റ്ഡ് റീഡർ സർവേ അവാർഡിലാണ് ഹമദ് ഇൻ്റർനാഷനൽ എയർപോർട്ടിനെ മികച്ച ഓവറോൾ എയർപോർട്ട് ആയി തെരഞ്ഞെടുത്തത്. തുടർച്ചയായി ആറാം തവണയാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിന് മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന ബഹുമതി ലഭിക്കുന്നത്.
ഹമദ് ഇൻ്റർനാഷനൽ എയർപോർട്ടിന് ഗ്ലോബൽ ട്രാവലർ അവാർഡ് ലഭിച്ചത് വലിയ നേട്ടമാണ്. യാത്രക്കാർക്ക് പ്രത്യേക പരിഗണന നൽകുന്ന എയർപോർട്ട് അധികൃതരുടെ പ്രതിബദ്ധതയാണ് ഈ അംഗീകാരങ്ങൾ സാക്ഷ്യമാക്കുന്നത്. എയർപോർട്ട് അധികൃതർ, ഉപഭോക്താവിനെ അഭിമുഖീകരിക്കുന്ന സ്റ്റാഫുകൾ, യാത്രക്കാർക്ക് അനുയോജ്യമായ അനുഭവങ്ങൾ അവതരിപ്പിക്കുന്ന രീതി, മികച്ച എയർപോർട്ട് അനുഭവങ്ങളൊരുക്കാനുള്ള നിക്ഷേപം എന്നിവയെല്ലാം ഈ അംഗീകാരം നേടാനുള്ള കാരണമാണെന്ന് ഫെസിലിറ്റീസ് മാനേജ്മെൻ്റ് സീനിയർ വൈസ് പ്രസിഡൻ്റ് മൈക്കൽ മക്മില്ലൻ അറിയിച്ചു.
അതേസമയം ലോകത്തെ ഏറ്റവും മികച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിങ്, മിഡിൽ ഈസ്റ്റിലെ മികച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിങ്, മികച്ച എയർപോർട്ട് ഡൈനിങ്, മികച്ച എയർപോർട്ട് ഷോപ്പിങ്, എന്നീ വിഭാഗങ്ങളിൽ ആദ്യ അഞ്ചിലും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെട്ടിട്ടുണ്ട്. 2014ൽ പ്രവർത്തനം ആരംഭിച്ചത് മുതൽ ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് അതിൻ്റെ ശൃംഖല ഏറെ വിപുലീകരിച്ചിരുന്നു. ലോകമെമ്പാടുമുള്ള 170 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ഇവിടെനിന്ന് സർവിസ് നടത്തുന്നത്.