ശ്രീനഗർ: ജമ്മു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പെഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അധികൃതർ ഇതുവരെ ഔദ്യോഗിക മരണസംഖ്യ പുറത്തു വിട്ടിട്ടില്ല. അക്രമത്തിൽ പരിക്കേറ്റ 13 പേർ ചികിത്സയിലാണ് എന്നാണ് വിവരം. സൈനിക വേഷത്തിലെത്തിയ ഭീകരർ വിനോദസഞ്ചാരികളോട് പേരും സ്ഥലവും ചോദിച്ച ശേഷമാണ് വെടിവച്ചത് എന്നാണ് വിവരം. രണ്ടോ മൂന്നോ പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത് എന്നാണ് വിവരം.
തെക്കൻ കശ്മീരിലെ പെഹൽഗാമിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പെഹൽഗാമിൽ നിന്നും അഞ്ച് കിമീ മാറി ബൈസാറിൻ എന്ന ഹിൽ സ്റ്റേഷനിലേക്ക് ട്രെക്കിംഗിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ഇവിടെ കാൽനാടയായും കഴുതപ്പുറത്തും മാത്രമേ എത്തിച്ചേരാൻ സാധിക്കൂ. അക്രമിസംഘത്തിൽ മൂന്ന് പേരുണ്ടായിരുന്നുവെന്ന് ജമ്മു കശ്മീർ പൊലീസിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരണപ്പെട്ടവർ കർണാടക, മഹാരാഷ്ട്ര, ഒഡീഷ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അടക്കം ഉന്നത നേതാക്കൾ ആക്രമണത്തെ അപലപിച്ചു. ഭീകരാക്രമണം മൃഗീയമാണെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത്ഷായുമായി സംസാരിച്ച പ്രധാനമന്ത്രി അദ്ദേഹത്തോട് ഉടൻ സംഭവസ്ഥലം സന്ദർശിക്കാനും നിർദേശിച്ചു. ആക്രമണത്തിൻ്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിയേറ്റെടുക്കും എന്നാണ് വിവരം.
പ്രദേശമാകെ നിലവിൽ സുരക്ഷസേനകളുടെ നിയന്ത്രണത്തിലാണ്. അക്രമണത്തിന് പിന്നാലെ ബൈസാറിൻ മലനിരകൾ വളഞ്ഞ സൈന്യം തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഭീകരാക്രമണ വാർത്ത പുറത്തു വന്നതിന് പിന്നാലെ തെക്കൻ കശ്മീരിൽ നിന്നും കൂട്ടത്തോടെ വിനോദസഞ്ചാരികൾ മടങ്ങി കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരസംഘടന ലഷ്കർ ഇ തൊയ്ബയുടെ ഭാഗമായ ദി റസിസ്റ്റൻസ് എന്ന ഭീകരസംഘടന ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായാണ് വിവരം.
കൊല്ലപ്പെട്ടവരിൽ ഒരാൾ കർണാടകയിലെ ശിവമോഗ്ഗ സ്വദേശിയായ മഞ്ജുനാഥ് എന്നയാളാണ് എന്നാണ് റിപ്പോർട്ടുകൾ. കുടുംബത്തോടൊപ്പം കശ്മീർ കാണാനെത്തിയതായിരുന്നു 47 കാരനായ മഞ്ജുനാഥ്. അക്രമണത്തിന് പിന്നാലെ കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ ഉന്നതതലയോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഐബി മേധാവിയടക്കം ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായും അദ്ദേഹം സംസാരിച്ചു. അക്രമത്തിന് ഇരകളയാവരുടെ കുടുംബത്തിൻ്റെ ദുഖത്തിൽ പങ്കുചേരുന്നതായും അക്രമികളെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നതതലയോഗത്തിന് പിന്നാലെ അമിത്ഷാ ശ്രീനഗറിലേക്ക് തിരിച്ചതായാണ് റിപ്പോർട്ടുകൾ .
അതേസമയം പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ ഇ തൊയ്ബ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അമേരിക്കൻ വൈസ് പ്രസിഡൻ്റ് വിഡി വാൻസ് ഇന്ത്യയിൽ സന്ദർശനം തുടരുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൌദി സന്ദർശനം ആരംഭിക്കുകയും ചെയ്തിന് പിന്നാലെയാണ് കശ്മീരിൽ രാജ്യത്തെയാകെ ഞെട്ടിച്ച ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്.