കൈവെട്ട് പരാമര്‍ശത്തില്‍ എസ്കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരിനെതിരെ കേസ്. അഷ്റഫ് കളത്തിങ്കല്‍ എന്നയാളാണ് പരാതി നല്‍കിയത്. ഐപിസി 153 പ്രകാരം മലപ്പുറം പൊലീസ് ആണ് കേസെടുത്തത്.
കേസുമായി മുന്നോട്ട് പോകുമെന്നാണ് പരാതിക്കാരനായ അഷ്റഫ് കളത്തിങ്കല്‍പാറ പറയുന്നത്. യുവാക്കളെ പ്രകോപിപ്പിക്കുന്ന തരത്തിലായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ പ്രസംഗം. സമസ്തയുടെ നേതാക്കള്‍ ഇങ്ങനെ സംസാരിക്കാറില്ല. സമസ്തക്കും പരാതി നല്‍കുമെന്നും അഷ്റഫ് കളത്തിങ്കല്‍പ്പാറ അറിയിച്ചു.
മലപ്പുറത്തെ മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനത്തിലായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ വിവാദ പ്രസംഗം. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാല്‍ കൈവെട്ടാന്‍ പ്രവര്‍ത്തകരുണ്ടാകും എന്നായിരുന്നു സത്താറിന്റെ പരാമര്‍ശം. ഇതിന് പിന്നാലെയാണ് സത്താര്‍ പന്തല്ലൂരിനെതിരെ പരാതി നല്‍കിയത്. സംഭവത്തില്‍ സത്താര്‍ പന്തല്ലൂരിന്റെ പരാമര്‍ശത്തിനെതിരെ സമസ്ത മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി രംഗത്തെത്തിയിരുന്നു. തീവ്ര സ്വഭാവത്തില്‍ സംസാരിക്കുന്നത് സമസ്തയുടെ ശൈലിയല്ലെന്ന് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി മൊയ്തീന് ഫൈസി പുത്തനത്തഴിയും വ്യക്തമാക്കിയിരുന്നു.