സൗദിയിൽ ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള ഗാർഹിക ജോലിക്കാരുടെ സ്പോൺസർഷിപ് മാറ്റത്തിനായുള്ള രേഖകൾ ഇലക്ട്രോണിക് സംവിധാനം വഴി നടപ്പാക്കുന്നതിനുള്ള വ്യവസ്ഥകളെ പറ്റി പാസ്പോർട്ട് വകുപ്പ് വിശദീകരിച്ചു. ‘അബ്ഷിർ’ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത സ്വദേശി പൗരന്മാർക്ക് തങ്ങളുടെ ഗാർഹിക ജോലിക്കാരുടെ സേവനങ്ങൾ ഓൺലൈൻ വഴി കൈമാറുന്നതിനുള്ള വ്യവസ്ഥകളാണിതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസത്) വ്യക്തമാക്കി.
ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ വ്യവസ്ഥകൾ പാലിച്ചാൽ ‘അബ്ഷിർ’ പ്ലാറ്റ്ഫോമിലൂടെ ഉടമസ്ഥർക്ക് കീഴിലെ ഗാർഹിക സ്പോൺസർഷിപ് മറ്റൊരു തൊഴിലുടമക്ക് കൈമാറാൻ സാധിക്കും. നിലവിലെ തൊഴിലുടമ ഇത്തരത്തിൽ ‘അബ്ഷിർ’ വഴി സ്പോൺസർഷിപ് കൈമാറാനുള്ള നടപടി ആരംഭിച്ച് ഏഴു ദിവസത്തിനുള്ളിൽ തന്നെ അത് പുതിയ തൊഴിലുടമയും തൊഴിലാളിയും അംഗീകരിച്ച് മറുപടി നൽകി നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാവും.
വ്യവസ്ഥകൾ
1. പുതിയ തൊഴിലുടമക്കും തൊഴിലാളിക്കും ട്രാഫിക് നിയമലംഘനത്തിനുള്ള പിഴയുണ്ടാവാൻ പാടില്ല.
2. തൊഴിലാളി ‘ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നു’ (ഹുറൂബ്) എന്ന നിയമനടപടി നേരിടുന്നയാൾ ആയിരിക്കാൻ പാടില്ല.
3.പരമാവധി നാലു തവണ മാത്രമേ സ്പോൺസർഷിപ് മാറ്റാനാവുകയുള്ളു.
5. സ്പോൺസർഷിപ് മാറ്റുന്ന സമയത്ത് തൊഴിലാളിയുടെ താമസരേഖക്ക് (ഇഖാമ) കുറഞ്ഞത് 15 ദിവസത്തെ കാലാവധിയെങ്കിലും ഉണ്ടായിരിക്കണം.
6. സ്പോൺസർഷിപ് മാറ്റത്തിന് ആവശ്യമായ ഫീസുകൾ മുഴുവനായും അടച്ചിരിക്കണം