ഖത്തറിൽ ആൾതാമസമുള്ള ബഹുനില കെട്ടിടം ഭാഗികമായി തകർന്നു വീണു. ദോഹയിലെ അൽ മൻസൂറയിലെ ഏഴ് നില കെട്ടിടമാണ് തകർന്നു വീണത്. ഖത്തർ സിവിൽ ഡിഫൻസ് ആംബുലൻസ്, പൊലീസ് ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
മൻസൂറ ബി റിങ്ങ് റോഡിലെ ലുലു എക്സ്പ്രസിന് പുറകിലായുള്ള ബഹുനില കെട്ടിടമാണ് തകർന്നത്. സമീപത്തെ മൂന്നുനില കെട്ടിടത്തിന് മുകളിലേക്കായിരുന്നു കെട്ടിടം തകർന്നു വീണത്. ഈജിപ്ത്, പാകിസ്താൻ, ഫിലിപ്പിനോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടമാണിതെന്നാണ് സൂചന. അതേസമയം രക്ഷാപ്രവർത്തനത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയാതായും ഏഴ് പേരെ രക്ഷിച്ചതായും മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ട പ്രസ്താവനയിൽ അറിയിച്ചു.