‘വൺ ബില്യൺ മീൽസ്’ പദ്ധതിയുമായി പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 50 രാജ്യങ്ങളിലെ ദുർബലരായ ജനസമൂഹങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ എല്ലാ വർഷവും നടത്തി വരുന്ന പദ്ധതിയാണിത്.
ലോക ജനസംഖ്യയിൽ പത്തിൽ ഒരാൾ പട്ടിണി അനുഭവിക്കുന്നുണ്ട്. മാനവികവും ധാർമികവുമായ ദൗത്യമെന്ന നിലയിൽ ഭക്ഷ്യക്ഷാമം അനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. എല്ലാ വർഷവും വിശുദ്ധ റമദാൻ മാസത്തിൽ ‘വൺ ബില്യൺ മീൽസ്’ എൻഡോവ്മെന്റ് പ്രോജക്റ്റ് നടപ്പാക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ജോർദാൻ, ഇന്ത്യ, പാകിസ്ഥാൻ, ലെബനൻ, കിർഗിസ്ഥാൻ, അംഗോള, ഉഗാണ്ട എന്നിവയുൾപ്പെടെ 13 രാജ്യങ്ങളിൽ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്കും പ്രതിസന്ധിയിലായ കമ്മ്യൂണിറ്റികൾക്കും ക്യാമ്പയിൻ വഴി ആവശ്യമായ സഹായം നൽകിയിരുന്നു. കൂടാതെ 2030 ഓടെ പട്ടിണി ഇല്ലാതാക്കാൻ ലക്ഷ്യമിടുന്ന ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണച്ചുകൊണ്ടാണ് ക്യാമ്പയിൻ നടത്തുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു