ലണ്ടൻ: കിഴക്കൻ ലണ്ടനിലെ ഹാക്ക്നിയിൽ റെസ്റ്റോറൻ്റിന് നേരെ നടന്ന വെടിവയ്പ്പിൽ മലയാളി പെൺകുട്ടിയടക്കം നാല് പേർക്ക് വെടിയേറ്റു. എറണാകുളം പറവൂർ ഗോതുരുത്ത് സ്വദേശി ആനത്താഴത്ത് വിനയ – അജീഷ് ദമ്പതികളുടെ മകളായ ലിസ്സെൽ മരിയയ്ക്കാണ് വെടിയേറ്റത്.
വടക്ക് കിഴക്കൻ ലണ്ടനിലെ ഡാൾട്ടണ്‍ കിങ്സ്ലാൻഡ് ഐ സ്ട്രീറ്റിലാണ് ഇന്നലെ വൈകിട്ട് വെടിവയ്പ്പുണ്ടായത്. ബൈക്കിലെത്തിയ അജ്ഞാതനായ വ്യക്തിയാണ് വെടിവച്ചത്. വെടിയുതിർത്ത ശേഷം അതിവേഗം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഇയാളെ ഇതുവരെ തിരിച്ചറിയാനോ പിടികൂടാനോ സാധിച്ചിട്ടില്ല.
വിനയ – അജീഷ് ദമ്പതികളും മകളും അത്തായം കഴിക്കാനായി റെസ്റ്റോറൻ്റിലെത്തിയപ്പോൾ ആണ് വെടിവയ്പ്പുണ്ടായത്. ബ്രിട്ടീഷ് സമയം ബുധനാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. മോഷ്ടിച്ച ബൈക്കിലെത്തിയാണ് അക്രമി വെടിവച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം റെസ്റ്റോറൻ്റിന് പുറത്തിരുന്ന ഭക്ഷണം കഴിക്കുകയായിരുന്ന മൂന്ന് ചെറുപ്പക്കാർക്കും വെടിവയ്പ്പിൽ പരിക്കേറ്റു.
തലയ്ക്ക് മാരകമായി പരിക്കേറ്റ ലിസ്സെൽ മരിയ ലണ്ടനിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സംഭവം ശേഷം അക്രമി രക്ഷപ്പെട്ട ബൈക്ക് മറ്റൊരിടത്ത് നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിരപരാധിയായ കുഞ്ഞിന് വെടിയേറ്റ സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ലണ്ടൻ പൊലീസ് വ്യക്തമാക്കി. അക്രമിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.