ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. 14 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ ഓണക്കിറ്റ്. ഇന്നും നാളെയും മഞ്ഞ കാര്‍ഡുടമകള്‍ക്കും 25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡുടമകള്‍ക്കും 29, 30, 31 തീയതികളില്‍ നീല കാര്‍ഡുടമകള്‍ക്കും സെപ്തംബര്‍ ഒന്നു മുതല്‍ മൂന്നു വരെ വെള്ള കാര്‍ഡുടമകള്‍ക്കും കിറ്റുകള്‍ വിതരണം ചെയ്യും. കാര്‍ഡുടമകള്‍ക്ക് അവരവരുടെ റേഷന്‍കടകളില്‍ നിന്നും കിറ്റുകള്‍ കൈപ്പറ്റാം. അനുവദിച്ച തിയതിയിൽ വാങ്ങാൻ സാധിക്കാത്തവർക്ക് 4, 5, 6, 7 തിയതികളിലും വാങ്ങാവുന്നതാണ്. എന്നാൽ ഏഴാം തീയതിക്ക് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കില്ല.
425 കോടി രൂപ ചെലവഴിച്ചാണ് 87 ലക്ഷം കാർഡുടമകൾക്ക് ഓണക്കിറ്റ് ലഭ്യമാക്കുന്നത്. സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള എല്ലാ ക്ഷേമസ്ഥാപനങ്ങളില്‍ ഭക്ഷ്യക്കിറ്റുകള്‍ പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ മുഖേന വാതില്‍പ്പടിയായി എത്തിക്കും. ക്ഷേമസ്ഥാപനങ്ങളിലെ 4 പേര്‍ക്ക് 1 കിറ്റ് എന്ന നിലയിലായിരിക്കും കിറ്റുകള്‍ നല്‍കുക. 119 ആദിവാസി ഊരുകളില്‍ ഉദ്യോഗസ്ഥര്‍ വാതില്‍പ്പടിയായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം നടത്തും.
ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചിരുന്നു. പട്ടം സ്വദേശി പി സാവിത്രി മുഖ്യമന്ത്രിയിൽനിന്ന് ആദ്യ കിറ്റ് ഏറ്റുവാങ്ങി. സന്തോഷത്തിന്റെയും സമൃദ്ധിയുടേതുമായി ഈ ഓണക്കാലം മാറട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.