മയക്കുമരുന്ന് കൈവശം വച്ചതിന് ഷാർജ വിമാനത്താവളത്തിൽ തടവിലാക്കിയ ഇന്ത്യൻ നടിയെ കോടതി വെറുതെ വിട്ടു. നടിയുടെ അഭിഭാഷകനായ മുഹമ്മദ് അൽ റെദ ആണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 12-നാണ് നടിയെ എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് ഷാർജയിലെ കോടതി പുറപ്പെടുവിച്ചതെന്ന് അഭിഭാഷകനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഒരു ഹോളിവുഡ് വെബ് സീരിസിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുകയായിരുന്നുവെന്നാണ് നടിയുടെ അഭിഭാഷകൻ പറയുന്നത്. ഇക്കാര്യം കോടതിയിൽ ബോധിപ്പിക്കാൻ സാധിച്ചെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ നടിയുടെ നിരപരാധിത്വം ബോധ്യപ്പെട്ട കോടതി അവരെ കുറ്റവിമുക്തയാക്കിയെന്നും അഭിഭാഷകൻ പറയുന്നു. 27-കാരിയായ നടിയുടെ പേര് വിവരങ്ങൾ രഹസ്യമാക്കി വച്ചിരിക്കുകയാണ്.
ഈ വർഷം ഏപ്രിൽ ഒന്നിനാണ് ഇന്ത്യക്കാരിയായ നടിയെ ഷാർജ വിമാനത്താവളത്തിൽ മയക്കുമരുന്ന് കടത്തിന് പിടികൂടിയത്. നടിയുടെ ലഗേജിലുണ്ടായിരുന്ന ഒരു ട്രോഫിക്കുള്ളിൽ നിന്നാണ് ലഹരി മരുന്ന് കണ്ടെത്തിയത്. തുടർന്ന് നടിയെ ഷാർജ വിമാനത്താവളത്തിൽ കസ്റ്റഡയിൽ വച്ചു. അവരുടെ പാസ്പോർട്ട് കണ്ടുകെട്ടുകയും ബ്ലാക്ക്ലിസ്റ്റിൽ ചേർക്കുകയും ചെയ്തു. ഏതാണ്ട് ഇരുപത് ദിവസത്തോളം തടവിലായ നടി പിന്നീട് ജാമ്യത്തിലിറങ്ങി തുടർന്ന് ദുബായിലുള്ള അവരുടെ അമ്മാവനൊപ്പം ആയിരുന്നു ഇത്രയും ദിവസങ്ങൾ അവർ കഴിഞ്ഞത്.
അതേസമയം വിശദമായ അന്വേഷണത്തിൽ നടി തട്ടിപ്പിന് ഇരയായതാണെന്ന് അഭിഭാഷകന് കോടതിയിൽ തെളിയിക്കാനായി. ഒരു ഹോളിവുഡ് വെബ് സീരിസിൻ്റെ ഓഡിഷന് എന്ന പേരിലാണ് നടിയെ രണ്ട് പേർ ചേർന്ന് ഷാർജയിലേക്ക് അയച്ചത്. ഇവർ കൊടുത്തയച്ച ട്രോഫിയുമായാണ് നടി ഷാർജയിൽ എത്തിയത്. ട്രോഫിക്കുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ച വിവരം പക്ഷേ നടിക്ക് അറിയില്ലായിരുന്നു. വിമാനത്താവളത്തിലെ ക്യാമറകൾ പരിശോധിച്ചതിൽ നടി പറഞ്ഞത് സത്യമാണെന്ന് തെളിയിക്കാനായി. കസ്റ്റഡിയിലെടുത്തപ്പോൾ തന്നെ നടിയെ ലഹരി പരിശോധനയ്ക്ക് വിധേയയായിക്കിയിരുന്നു. ഇതിൻ്റെ ഫലം നെഗറ്റീവായതും അന്വേഷണത്തിൽ നിർണായകമായി.
കോടതി വിധിക്ക് പിന്നാലെ നടിയുടെ യാത്രാവിലക്ക് ഒഴിവായി. രാജ്യം വിടാനുള്ള കരിമ്പട്ടികയിൽ നിന്നും അവരുടെ പേര് ഉടനെ നീക്കം ചെയ്യും. പാസ്പോർട്ട് വിട്ടുകിട്ടുന്ന മുറയ്ക്ക് നടിയ്ക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ സാധിക്കും – അഭിഭാഷകനായ അൽ റെദ കൂട്ടിച്ചേർത്തു.