എത്രതന്നെ മനുഷ്യർ സ്വാർത്ഥരാണെന്ന് പറഞ്ഞാലും ദയയുടെയും സഹാനുഭൂതിയുടെയും കണികകൾ എല്ലാവരുടെയും ഉള്ളിൽ എന്നും ബാക്കിയുണ്ടാവും. അതിനുള്ള തെളിവെന്നോണം ഹൃദയസ്പർശിയായ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു കൂട്ടം ആളുകൾ ഒരു വൃദ്ധന്റെ വീട് തോളിൽ വഹിച്ചുകൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തന്റെ മക്കളുടെ കൂടെ താമസിക്കണമെന്ന വയോധികന്റെ ആഗ്രഹം സഫലമാക്കാൻ വേണ്ടിയാണ് നാട്ടുകാർ ഇത്തരത്തിൽ വ്യത്യസ്തമായ കാര്യം ചെയ്തത്. ഫിലിപ്പീൻസിലാണ് ഈ വിചിത്രമായ സംഭവം.
ഗുഡ് ന്യൂസ് മൂവ്മെന്റ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വൈറലായ വീഡിയോ പങ്കിട്ടിരിക്കുന്നത്. ഫിലിപ്പൈൻസിലെ സാംബോംഗ ഡെൽ നോർട്ടെയിലെ മൺപാതയിലൂടെ ഏഴ് അടി ഉയരമുള്ള ഒരു വീട് ചുമന്ന് ഒരുകൂട്ടം ആളുകൾ നിൽക്കുന്നതായി വിഡിയോയിൽ കാണാം. മകനും പേരക്കുട്ടികൾക്കും ഒപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്ന് ആഗ്രഹിച്ച ഒരു വൃദ്ധനെ നാട്ടുകാർ സഹായിക്കുന്ന വിചിത്രമായ കാഴ്ചയായിരുന്നു ഇത്.
അതേസമയം വീട് മുഴുവനായും കൊണ്ടുപോകാൻ രണ്ട് മണിക്കൂർ സമയം എടുത്തെങ്കിലും വഴിയിലുണ്ടായിരുന്ന നാട്ടുകാർ എല്ലാം ചേർന്ന് അവർക്ക് കൂടുതൽ പ്രോത്സാഹനം നൽകി. അതുകൊണ്ട് തന്നെ വളരെ പെട്ടെന്നാണ് വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്.