സ്ത്രീയുടെ നഗ്നമായ മാറിടം അശ്ലീലമല്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. നഗ്നമായ മാറിടം കാണിക്കുന്നതിനെയോ ചിത്രീകരിക്കുന്നതിനെയോ അശ്ലീലമോ ലൈംഗികതയോ ആയി കാണരുതെന്ന് ഹൈക്കോടതി പറഞ്ഞു. പോക്സോ കേസില്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമയെ കുറ്റവിമുക്തയാക്കി കൊണ്ടുള്ള ഉത്തരവിലായിരുന്നു കോടതിയുടെ പരാമര്‍ശം.
പുരുഷന്റെ നഗ്നമായ മാറിടം അശ്ലീലമായി ആരും കാണുന്നില്ല. എന്നാല്‍ സ്ത്രീകളെ അങ്ങനെയല്ല പരിഗണിക്കുന്നത്. സ്ത്രീയുടെ നഗ്നമായ ശരീരത്തെ ചിലര്‍ ലൈംഗിക താത്പര്യങ്ങള്‍ക്കോ ആഗ്രഹ പൂര്‍ത്തീകരണത്തിനോ ഉള്ള വസ്തുവായി മാത്രമാണ് കാണുന്നത്. നഗ്നതയെ ലൈംഗികതയുമായി ബന്ധിപ്പിക്കരുതെന്നും കോടതി പറഞ്ഞു.
മക്കളെക്കൊണ്ട് തന്റെ അര്‍ധ നഗ്നശരീരത്തില് ചിത്രം വരപ്പിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇട്ടതിനെതിരെയാണ് ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്കെതിരെ കേസെടുത്തത്. എറണാകുളം സൗത്ത്, തിരുവല്ല സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പോക്സോ, ഐടി ആക്ടിലെ വകുപ്പുകള്‍, ബാലനീതി നിയമത്തിലെ വകുപ്പുകള്‍ എന്നിവ ചുമത്തിയായിരുന്നു കേസ്. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്.
14, 8 വയസുകളുള്ള കുട്ടികളെക്കൊണ്ട് ശരീരത്തില്‍ വരപ്പിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.ബോഡി ആന്‍ഡ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. സ്ത്രീ ശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നുകാണിക്കുകയും അതിനെക്കുറിച്ച് സംസാരിക്കുകയും വേണമെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് രഹന ഫാത്തിമ വീഡിയോക്കൊപ്പം കുറിച്ചിരുന്നു.