എല്ലാ സ്ഥാനാര്‍ത്ഥികളും തങ്ങളെ വന്ന് കാണാറുണ്ടെന്നും എന്‍.എസ്.എസിന് സമദൂരമാണ് നിലപാട് എന്നും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. പുതുപ്പള്ളിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസും യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും തന്നെ വന്ന് കണ്ടിട്ടുണ്ടെന്നും അവരോട് സ്നേഹത്തോടെ മാത്രമേ ഇടപെട്ടിട്ടുള്ളു എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
‘എല്ലാ തെരഞ്ഞെടുപ്പിലും എല്ലാ സ്ഥാനാര്‍ത്ഥികളും നമ്മളെ തിരഞ്ഞ് വരാറുണ്ട്. പക്ഷെ ഞങ്ങള്‍ അത് പരസ്യപ്പെടുത്താറില്ല. ഇവിടെ ചാണ്ടി ഉമ്മനും ജെയ്കും വന്നു. അവരോട് സൗഹൃദപരമായി തന്നെയാണ് ഇടപെട്ടത്,’ സുകുമാരന്‍ നായര്‍ പറഞ്ഞു.
മിത്ത് വിവാദവും തെരഞ്ഞെടുപ്പുമായി കൂട്ടിക്കുഴയ്ക്കണ്ട. ഞങ്ങള്‍ സമദൂരമാണല്ലോ. ജനങ്ങള്‍ അതിന്റെ ഇഷ്ടത്തിന് ചെയ്തോളും. ആര്‍ക്ക് വേണ്ടിയും പ്രത്യേകിച്ച് പ്രചരണത്തിന് എന്‍.എസ്.എസ് ഇല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
നേരത്തെ എന്‍.എസ്.എസിനെയും സുകുമാരന്‍ നായരെയും പുകഴ്ത്തി ജെയ്ക് സി. തോമസ് രംഗത്തെത്തിയിരുന്നു. എന്‍.എസ്.എസിന്റെത് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാട് ആണെന്നും വിശ്വാലത്തെ രാഷ്ട്രീയമാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചയാളാണ് അദ്ദേഹമെന്നും ജെയ്ക് പറഞ്ഞു.
എന്‍എസ്എസ് ആസ്ഥാനത്ത് വര്‍ഗീയ അജണ്ടയുമായെത്തിയ ഒരു നേതാവിനെ സുകുമാരന്‍ നായര്‍ പുറത്താക്കിയെന്നും ജെയ്ക് പറഞ്ഞു.