തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ സ്വന്തം കുടുംബവും വീടും നഷ്ടപ്പടുകയും പിന്നീട് വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി പ്രഖ്യാപിച്ചു. റവന്യു വകുപ്പിൽ ക്ലർക് തസ്തികയിൽ ജോലി നൽകി കൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങി. ശ്രുതിയുടെ നിയമനം നടത്താൻ വയനാട് ജില്ലാ കളക്ടർക്കാണ് ചുമതല നൽകിയിരിക്കുന്നത്.
ചൂരൽമലയിലെ പുതിയ വീടിൻ്റെ ഗൃഹപ്രവേശനവും പ്രതിശ്രുത വരൻ ജെൻസണുമായുള്ള വിവാഹനിശ്ചയവും കഴിഞ്ഞ സമയത്താണ് ശ്രുതിയുടെ ജീവിതത്തിലേക്ക് ദുരന്തങ്ങൾ ഉരുൾപൊട്ടിയെത്തിയത്. ചൂരൽമല ദുരന്തത്തിൽ ശ്രുതിയുട വീടും അച്ഛനും അമ്മയും അനിയത്തിയും ഇല്ലാതായി. പിതാവിൻ്റെ സഹോദരനും മക്കളും അടക്കം കുടുംബത്തിലെ ആകെ ഒൻപത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്.
ഈ ദുരിതത്തിൽ നിന്നും തിരികെ കേറുന്നതിനിടെയ്ക്ക് ആണ് തണലായി ഒപ്പം നിന്ന പ്രതിശ്രുത വരൻ ജെൻസനെ ശ്രുതിക്ക് വാഹനാപകടത്തിൽ നഷ്ടപ്പെടുന്നത്. ഈ അപകടത്തിൽ രണ്ട് കാലും ഒടിഞ്ഞ ശ്രുതി ഇപ്പോൾ പതിയെ ജീവിതത്തിലേക്ക് തിരികെ നടക്കുകയാണ്. ഇതിനിടെയാണ് പുതിയ ജീവിതത്തിന് വഴി തുറന്നു കൊണ്ട് സർക്കാർ ജോലിയുടെ ഉത്തരവ് ശ്രുതിക്ക് കിട്ടുന്നത്.