പത്തനംതിട്ട പരുത്തിപ്പാറയില്‍ ഒന്നര വര്‍ഷം മുമ്പ് കാണാതായ നൗഷാദിന്റെ മൃതദേഹം കണ്ടെത്താനാകാതെ പൊലീസ്. നൗഷാദിനെ കൊലപ്പെടുത്തിയതാണെന്ന് അറസ്റ്റിലായ ഭാര്യ അഫ്സാന സമ്മതിച്ചെങ്കിലും മൃതദേഹം എവിടെയാണെന്ന് കൃത്യമായി പറയാത്തതാണ് പൊലീസിനെ കുഴക്കുന്നത്. കേസില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസ്.
ഇവര്‍ താമസിച്ച വാടക വീട്ടില്‍ പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. അഫ്സാനയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. തെളിവ് നശിപ്പിക്കല്‍, പൊലീസിനെ കബളിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഒന്നര വര്‍ഷം മുമ്പാണ് നൗഷാദിനെ കാണാതായത്. കഴിഞ്ഞ ദിവസമാണ് പൊലീസ് കേസുമായി ബന്ധപ്പെട്ട് ഭാര്യ അഫ്സാനയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ മരണവുമായി ബന്ധപ്പെട്ട് അഫ്സാന പറഞ്ഞ കാര്യങ്ങള്‍ പൊലീസിനെ കുഴക്കി. മൃതദേഹം കുഴിച്ചിട്ട സ്ഥലമെന്ന് പേരില്‍ വീട്ടിലും പരിസരത്തും അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പള്ളി സെമിത്തേരിയില്‍ മൃതദേഹം ഉണ്ടെന്ന് അഫ്സാന ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ അവിടെ പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായിരുന്നില്ല. പിന്നീട് തറ കുത്തിപ്പൊളിച്ച് പരിശോധിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അഫ്സാനയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.