കാഠ്മണ്ഡു: നേപ്പാളിലെ നയതന്ത്ര ദൗത്യം അവസാനിപ്പിക്കാൻ ഉത്തരകൊറിയ തീരുമാനിച്ചു. നേപ്പാളിലെ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ച് ഇന്ത്യയിലെ ഉത്തരകൊറിയൻ നയതന്ത്രസംഘത്തിന് നേപ്പാളിന്റെ കൂടി ചുമതല നൽകുമെന്നാണ് നേപ്പാൾ പ്രധാനമന്ത്രിക്ക് ഉത്തരകൊറിയ അയച്ച കത്തിൽ വ്യക്തമാക്കുന്നത്.
നേപ്പാളിലെ തങ്ങളുടെ നയതന്ത്രദൗത്യം അവസാനിപ്പിക്കുന്നതായി നേപ്പാളിലെ ഉത്തരകൊറിയൻ അംബാസിഡർ ജോ യോങ് മാൻ നേപ്പാൾ പ്രധാനമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചിരുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്പത്തിക ഉപരോധത്തെ തുടർന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയെയാണ് നിലവിൽ ഉത്തരകൊറിയ നേരിടുന്നത്. ഈ സാഹചര്യത്തിൽ ചെലവ് ചുരുക്കൽ കൂടി ലക്ഷ്യമിട്ടാണ് നേപ്പാളിലെ നയതന്ത്രബന്ധം ഉത്തരകൊറിയ അവസാനിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ആഗോളതലത്തിൽ മാറി മാറിഞ്ഞ രാഷ്ട്രീയ അന്തരീക്ഷവും ഈ തീരുമാനത്തിന് കാരണമായി ഉത്തരകൊറിയ പറയുന്നു.
2019-ൽ സർക്കാർ ഉത്തരവിനെ തുടർന്ന് നേപ്പാളിൽ വ്യാപാരം ചെയ്തിരുന്ന ഉത്തരകൊറിയൻ പൗരൻമാർ അതെല്ലാം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി പോയിരുന്നു. 1974ലാണ് നേപ്പാളും ഉത്തരകൊറിയയും നയതന്ത്രബന്ധം സ്ഥാപിച്ചത്. ആ വർഷം തന്നെ ഉത്തരകൊറിയൻ എംബസി കാഠ്മണ്ഡുവിൽ പ്രവർത്തനം തുടങ്ങിയിരുന്നു.