2022ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ബെലറൂസിലെ ആക്റ്റിവിസ്റ്റ് ആലെസ് ബിയാലിയാറ്റ്സ്കിയ്ക്ക് 10 വര്‍ഷത്തെ തടവ് ശിക്ഷ. ലുകാഷെന്‍കോ സര്‍ക്കാരിൻ്റെ വിമര്‍ശകനായിരുന്ന ബിയാലിയാറ്റ്സ്കി രാജ്യത്തെ ക്രമസമാധാനം തകര്‍ക്കാന്‍ ധനസഹായം നല്‍കിയെന്നാണ് ചുമത്തിയിരിക്കുന്ന കുറ്റം.
ബെലറൂസ് ഏകാധിപതിയും റഷ്യന്‍ പ്രസിഡൻ്റ് വ്ലാഡിമിര്‍ പുടിൻ്റെ അടുത്ത സുഹൃത്തുമായ പ്രസിഡൻ്റ് അലക്സാണ്ടര്‍ ലുകാഷെന്‍കോയുടെ കടുത്ത വിമര്‍ശകനായ ആലെസ് ബിയാലിയാറ്റ്സ്കി 2021 മുതല്‍ തടവിലായിരുന്നു. 2020 ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനും നേതൃത്വം നല്‍കിയതിനുമാണ് തടവിലാക്കിയത്. ലുകാഷെന്‍കോ വീണ്ടും അധികാരത്തിലെത്താന്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയെന്നായിരുന്നു പ്രതിഷേധക്കാർ ആരോപിച്ചത്.
ബിയാലിയാറ്റ്സ്കി അടക്കമുള്ളവരെ തടവിലാക്കിയ പൊലീസ് പ്രക്ഷോഭകരെ സഹായിക്കാന്‍ കള്ളക്കടത്തുനടത്തി പണം സ്വരൂപിച്ചെന്നാണ് ചുമത്തിയ കുറ്റം. മറ്റ് ആക്റ്റിവിസ്റ്റുകളായ വാലെൻ്റിന്‍ സ്റ്റെഫാനോവിച്ചിനെ ഒന്‍പതു വര്‍ഷത്തെ തടവിനും വ്ലാഡിമിര്‍ ലബ്കോവിച്ചിനെ ഏഴുവര്‍ഷത്തെ തടവിനും ശിക്ഷിച്ചു.
ബിയാലിയാറ്റ്സ്കിയുടെ ശിക്ഷയ്ക്കെതിരെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം ശക്തമാണ്. ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിച്ചതിനാണ് മൂന്നുപേരെ ശിക്ഷിച്ചതെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി അന്നലേന ബെയര്‍ബോക്ക് കുറ്റപ്പെടുത്തി. നിലവില്‍ ബെലറൂസിലെ ജയിലുകളില്‍ ആയിരത്തി അഞ്ഞൂറോളം രാഷ്ട്രീയ തടവുകാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.