സംസ്ഥാനത്ത് വെജിറ്റബിള്‍ മയോണൈസ് അല്ലെങ്കിൽ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസ് മാത്രമേ വിൽക്കാൻ പാടുള്ളൂവെന്ന് തീരുമാനം. പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിൻ്റെ അധ്യക്ഷതയില്‍ ചേർന്ന ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിൽ തീരുമാനമായി.
ഒരുപാട് നേരം മയോണൈസ് വച്ചിരുന്നാല്‍ അപകടകരമാകുന്നതിനാല്‍ ഈ നിര്‍ദേശത്തോട് എല്ലാവരും യോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. ആരോഗ്യ സംരക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഭക്ഷണം പാഴ്സലാക്കി നല്കുന്ന സയവും എത്ര നേരത്തിനുള്ളില്‍ ഉപയോഗിക്കണം എന്നതും രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പതിപ്പിക്കണം. ആ സമയം കഴിഞ്ഞ് ആ ഭക്ഷണം കഴിക്കാന്‍ പാടില്ല. എല്ലാ സ്ഥാപനങ്ങളും രജിസ്ട്രേഷനോ ലൈസന്‍സോ എടുക്കണമെന്നും മന്ത്രി നിർദേശിച്ചു.