പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ച വിരുന്നില്‍ പങ്കെടുത്തത് മാരക കുറ്റമായി ചിത്രീകരിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് കൊല്ലം എംപിയും ആര്‍എസ്പി നേതാവുമായ എന്‍കെ പ്രേമചന്ദ്രന്. വിലകുറഞ്ഞ ആരോപണമാണ് സിപിഎം ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘എന്നെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അതേതുടര്‍ന്നാണ് പോയത്. അവിടെ ചെന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ കൊണ്ടു പോവുകയായിരുന്നു. പരസ്യമായി നടത്തിയ സൗഹൃദവിരുന്നായിരുന്നു അത്. പാര്‍ലമെന്ററി രംഗത്ത് മികവ് പുലര്‍ത്തിയവരെയാണ് കൊണ്ടു പോയത്. ഇത് മാരക കുറ്റമായി ചിത്രീകരിക്കാനുള്ള സിപിഐഎം നീക്കം എന്നെ അറിയുന്നവര്‍ തള്ളിക്കളയും. ഞാന്‍ ആര്‍എസ്പിയായി തന്നെ തുടരും. സിപിഎം വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്,’ എന്‍കെ പ്രേമചന്ദ്രന് പറഞ്ഞു.
രാഷ്ട്രീയമായി ഒരു പരാമര്‍ശവും പ്രധാനമന്ത്രി നടത്തിയിട്ടില്ല എന്നും എന്‍കെ പ്രേമചന്ദ്രന് പറഞ്ഞു.
എളമരം കരീം, മന്ത്രി കെ എന്‍ ബാലഗോപാല്‍ തുടങ്ങി സിപിഎം നേതാക്കള്‍ എന്‍ കെ പ്രേമചന്ദ്രന് ഉച്ചയൂണില്‍ പങ്കെടുത്തതിനെതിരെ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ എന്‍കെ പ്രേമചന്ദ്രന് പിന്തുണയുമായി എം പി കെ മുരളീധരന് രംഗത്തെത്തി.