മുംബൈ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ നാഗ്പൂരിൽ മത്സരിക്കുമ്പോൾ പോസ്റ്ററുകളോ ബാനറുകളോ പ്രചാരണത്തിനായി ഉപയോഗിക്കില്ലെന്ന് കേന്ദ്ര ഉപരിതലഗതാഗതമന്ത്രിയും ബിജെപി നേതാവുമായ നിതിൻ ഗഡ്കരി. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരുതരത്തിലും വോട്ടർമാരെ സ്വാധീനിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ജനങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ തനിക്ക് വോട്ട് ചെയ്യാം, മറിച്ചാണെങ്കിൽ ചെയ്യേണ്ടതില്ലെന്നും ഗഡ്കരി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ വാസിയിൽ ദേശീയപാതകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഗഡ്കരി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി പോസ്റ്ററോ ബാനറുകളോ വേണ്ടെന്നാണ് എൻ്റെ തീരുമാനം. ചായയും വെള്ളവും പണവും ഒന്നും വോട്ടർമാർക്ക് നൽകില്ല. വിദേശമദ്യമോ നാടൻ മദ്യമോ പ്രചാരണത്തിനായി കൊടുക്കാൻ പോകുന്നില്ല. ഞാൻ കൈക്കൂലി വാങ്ങാറില്ല, മറ്റുള്ളവരെ വാങ്ങാൻ അനുവദിക്കുകയുമില്ല. സത്യസന്ധമായി നിങ്ങളെ സേവിക്കാമെന്ന വിശ്വാസം എനിക്കുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ എനിക്ക് വോട്ടു ചെയ്യാം താത്പര്യമില്ലെങ്കിൽ ചെയ്യേണ്ടതില്ല – ഗഡ്കരി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട തന്ത്രങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല. ഒരു തവണ ഇതൊക്കെ പരീക്ഷിച്ചു പരാജയപ്പെട്ടതാണ്. ഒരു തവണ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് ഒരു കിലോ മട്ടണ്‍ വീതം ചെയ്തു. എന്നിട്ട് ആ തെരഞ്ഞെടുപ്പിൽ ഞാൻ തോറ്റു. വോട്ടർമാർ ബുദ്ധിമാൻമാരാണ് അവർക്ക് മതിപ്പ് തോന്നുന്നവർക്കേ അവർ വോട്ട് ചെയ്യൂ – ഗഡ്കരി പറഞ്ഞു.