ഖത്തര്‍ ലോകകപ്പിൽ മത്സരിക്കുന്ന ഇഷ്ട ടീമുകളുടെയും ഇഷ്ട താരങ്ങളുടെയും വിജയ പരാജയങ്ങള്‍ ആരാധകരെകൂടി ബാധിക്കാറുണ്ട്. വീഴ്ചകളിൽ കണ്ണുനിറഞ്ഞ് പരിഹാസങ്ങള്‍ കേള്‍ക്കുന്ന ആരാധകർ അവരുടെ ഉയര്‍ച്ചയില്‍ പരിധിയില്ലാതെ സന്തോഷിക്കുകയും ചെയ്യും. അതിലൊരാളാണ് കാസര്‍ഗോട്ടെ തൃക്കരിപ്പൂര്‍ സ്വദേശിയായ എട്ടാം ക്ലാസുകാരന് നിബ്രാസ്.
അര്‍ജന്റീനയുടെ ആദ്യ മത്സരത്തില്‍ ടീമിന് തോല്‍വി നേരിടേണ്ടി വന്നു. ഈ പരാജയം മെസിയെയും അര്‍ജന്റീനയെയും സ്നേഹിക്കുന്ന നിബ്രാസിന് താങ്ങാൻ കഴിയുമായിരുന്നില്ല. ഇനിയും കളി ബാക്കിയുണ്ട്, കഴിഞ്ഞിട്ടില്ല എന്ന് വിഷമത്തോടെ നിബ്രാസ് പറഞ്ഞപ്പോള്‍ കൂട്ടുകാരുൾപ്പെടെ എല്ലാവരും കളിയാക്കി. എന്നാൽ ആ നിമിഷം വിഷമം സഹിക്കാനാവാതെ നിബ്രാസ് പൊട്ടിക്കരഞ്ഞു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തു.
ഇപ്പോഴിതാ നിബ്രാസിനെ തേടി വലിയ ഭാഗ്യം എത്തിയിരിക്കുകയാണ്. ഈ വലിയ കുട്ടി ആരാധകന് ഇനി ഖത്തറിലേക്ക് പറക്കാനൊരുങ്ങുകയാണ്. വൈറലായ വീഡിയോ കണ്ടതോടെ പയ്യന്നൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സി നിബ്രാസിനെ ഖത്തറിലെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. തൊട്ടടുത്ത കളിയിൽ മെക്സിക്കോയ്ക്കെതിരെ രണ്ട് ഗോൾ നേടി അര്‍ജന്റീന ജയിച്ചതിനൊപ്പം മെസിയെ നേരിട്ട് കാണാന്‍ അവസരം ഒരുങ്ങിയതിലെ സന്തോഷത്തിലാണ് നിബ്രാസിപ്പോള്‍.