ദില്ലി: കളമശ്ശേരിയിൽ യഹോവ സാക്ഷികൾ പ്രാർത്ഥനാ യോഗത്തിനിടെയുണ്ടായ സ്ഫോടനത്തിൽ എൻഐഎ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൻ്റെ ഭാഗമായി ദില്ലിയിൽ നിന്നുള്ള അഞ്ചംഗ എൻഐഎ സംഘം ഉടൻ കൊച്ചിക്ക് തിരിക്കും. പ്രഹരശേഷി കുറഞ്ഞ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് ഹാളിനുള്ളിൽ മൂന്ന് സ്ഫോടനങ്ങളും നടത്തിയതെന്നാണ് എൻ.ഐ.എ വൃത്തങ്ങൾ നൽകുന്ന വിവരം. തീവ്രവാദ സ്വഭാവമുള്ള ഏത് കേസുകളും എൻഐഎയ്ക്ക് സ്വന്തം നിലയിൽ അന്വേഷിക്കാൻ അധികാരമുണ്ട്. ഈ ചട്ടം അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന ഉന്നതതലയോഗത്തിന് ശേഷം ആഭ്യന്തര മന്ത്രി അമിത്ഷാ കളമശ്ശേരി സ്ഫോടനത്തെക്കുറിച്ച് അന്വേഷണം നടത്താൻ എൻഐഎയ്ക്കും എൻഎസ്ജിക്കും നിർദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ച അമിത് ഷാ എൻഐഎ അന്വേഷണം ആരംഭിച്ച വിവരം അറിയിച്ചുവെന്നാണ് വിവരം. അതിനിടെ സ്ഫോടന നടന്ന കളമശ്ശേരിയിലെ സമ്ര ഹാളിലേക്ക് എൻഐഎ കൊച്ചി യൂണിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. മിലിട്ടറി ഇൻ്റലിജൻസും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും സംഭവത്തിൽ ഇതിനോടകം വിവരശേഖരണം നടത്തി കൊണ്ടിരിക്കുകയാണ്.
ഹാളിൽ പ്രാർത്ഥനയ്ക്ക് എത്തിയവരെ ജില്ലാ ഭരണകൂടം ഇടപെട്ട് സ്ഥലത്ത് നിന്നും മാറ്റി കൊണ്ടിരിക്കുകയാണ്. പലരുടേയും ബാഗുകളും മറ്റു വസ്തുകളും ഹാളിനുള്ളിലുണ്ട്. എന്നാൽ പരിശോധന പൂർത്തിയാവും വരെ ഇനിയാരേയും അകത്തേക്ക് പ്രവേശിപ്പിക്കാൻ സാധിക്കില്ലെന്നും ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ വാഹനങ്ങളിൽ ആളുകൾ വീട്ടിലേക്ക് മടങ്ങണമെന്നും തൃക്കാക്കര അസി.കമ്മീഷണർ ആവശ്യപ്പെട്ടു. പരിശോധനകൾക്ക് ശേഷം ഹാളിലുള്ള സാധനങ്ങൾ ഉടമകൾക്ക് തിരികെ വാങ്ങാൻ അവസരമൊരുക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി കഴിഞ്ഞു.
അതേസമയം ഹാളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. ഏതാണ്ട് രണ്ടായിരത്തിന് മേൽ ആളുകൾ പ്രാർത്ഥനയ്ക്കായി ഹാളിലെത്തിയാണ് വിവരം. പ്രാർത്ഥനയ്ക്ക് എത്തിയവരെ സംബന്ധിച്ച വിവരങ്ങൾ യഹോവ സാക്ഷി പ്രതിനിധികളുടെ കൈയിലുമില്ല. പരിപാടിക്ക് രജിസ്ട്രേഷനോ മറ്റു വിവരശേഖരണമോ നടത്തിയില്ലെന്നാണ് വിവരം. സ്ഫോടനം നടന്ന ഹാളിലേക്ക് ചീഫ് സെക്രട്ടറി ഡോ വി വേണു, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, എറണാകുളം എംപി ഹൈബി ഈഡൻ, മന്ത്രിമാരായ ആൻ്റണി രാജു, വിഎൻ വാസവൻ എന്നിവർ എത്തിയിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത്ത് കുമാറും മനോജ് എബ്രഹാമും കളമശ്ശേരിയിലേക്ക് എത്തിയിട്ടുണ്ട്.