ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ ബ്രസീലിയൻ താരം നെയ്മർ ശസ്ത്രക്രിയയ്ക്കായി ഖത്തറിൽ. ആസ്പെറ്റാർ സ്പോർട്സ് മെഡിസിൻ ആശുപത്രിയിലാണ് താരത്തിന് ശസ്ത്രക്രിയ നടത്തുന്നത്. കഴിഞ്ഞ ദിവസം ചികിത്സയ്ക്കായി ദോഹയിലെത്തിയ താരത്തിന്റെ ചികിത്സ നടപടികൾ പുരോഗമിക്കുകയാണെന്ന മെഡിക്കൽ റിപ്പോർട്ട് ആസ്പെറ്റാർ പുറത്ത് വിട്ടിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് ഫ്രഞ്ച് ലീഗിൽ ലില്ലെക്കെതിരായ മത്സരത്തിനിടെ 51ാം മിനിറ്റിലായിരുന്നു എതിർ താരവുമായി കൂട്ടിയിടിച്ച് നെയ്മറിന്റെ കണങ്കാലിന് പരിക്കേറ്റത്. അതേസമയം ഇതിന് മുൻപും നെയ്മർ ആസ്പെറ്റാറിൽ ചികിത്സ തേടിയിട്ടുണ്ട്. 2019ൽ പരിശോധനയുടെ ഭാഗമായി താരം ആസ്പെറ്റാറിൽ എത്തിയിരുന്നു. 2018ൽ ഉണ്ടായ പരിക്കിന്റെ തുടർചികിത്സയുടെയും പരിശോധനയുടെയും ഭാഗമായാണ് അന്ന് താരം ഖത്തറിലെത്തിയത്.
സ്പോർട്സ് ആൻഡ് അർത്രോസ്കോപിക് സർജറിയിൽ ലോക പ്രശസ്തിയാർജിച്ച ആശുപത്രിയാണ് ആസ്പെറ്റാർ. ഇവിടെ ലോകോത്തര കായിക താരങ്ങൾ ചികിത്സയ്ക്കായി എത്താറുണ്ട്. ഫ്രഞ്ച് ക്ലബായ പിഎസ്ജിയുടെ മെഡിക്കൽ പങ്കാളി കൂടിയാണ് ആസ്പെറ്റാർ. 2007ൽ മധ്യപൂർവ ഏഷ്യയിലെ ആദ്യ സ്പോർട്സ് മെഡിസിൻ ആശുപത്രിയായാണ് ആസ്പെറ്റാർ പ്രവർത്തനം ആരംഭിച്ചത്.