കോവിഡിന് പിന്നാലെ ഭീതി പടർത്തി പുതിയ വൈറസ്. അമേരിക്കൻ ഗവേഷകരാണ് ഖോസ്ത – 2 എന്ന് പേരിട്ടിരിക്കുന്ന പുതിയ വൈറസ് കണ്ടെത്തിയത്. വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പടരാൻ ഈ വൈറസിന് കഴിയും. അതേസമയം കോവിഡ്19ൻ്റെ ഉപവകഭേദമായ സാഴ്സ് കോവ് 2 വിഭാഗത്തില്‍പ്പെട്ടതാണ് ഖോസ്ത – 2 എന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടുണ്ട്.
കൊറോണ വൈറസിൻ്റെ ഉപവിഭാഗത്തിൽ പെടുന്നതായതിനാല്‍ ഖോസ്ത – 2 വൈറസിന് മനുഷ്യകോശങ്ങളെ ബാധിക്കാന്‍ സാധിക്കുമെന്ന് ഗവേഷകർ പറഞ്ഞു. അതേസമയം കോവിഡ് രോഗപ്രതിരോധ വാക്സിനേഷനുകളിൽ നിന്ന് അതിജീവിക്കാന്‍ കഴിയുന്ന വൈറസാണിതെന്ന് വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പോൾ ജി അലൻ സ്കൂൾ ഫോർ ഗ്ലോബൽ ഹെൽത്തിലെ ഗവേഷകരുടെ പഠനം പറയുന്നു.
റഷ്യയിൽ 2020 ലാണ് ആദ്യമായി ഈ വൈറസ് വവ്വാലുകളിൽ കണ്ടെത്തിയത്. ഗോസ്ത – 1 എന്നായിരുന്നു വൈറസിൻ്റെ പേര്. എന്നാൽ പിന്നീട് ഈ വൈറസ് മനുഷ്യർക്ക് ഭീഷണിയാവുമെന്ന് ശാസ്ത്രജ്ഞർ കരുതിയിരുന്നില്ല. പിന്നീട് നടത്തിയ സൂക്ഷ്മമായ ഗവേഷണത്തിലാണ് വൈറസ് മനുഷ്യകോശങ്ങളെ ബാധിക്കുമെന്നുള്ള കാര്യം കണ്ടെത്തിയത്. ഖോസ്റ്റ -1 ന് മനുഷ്യകോശങ്ങളിലേക്ക് പെട്ടെന്ന് പ്രവേശിക്കാൻ കഴിയില്ല, എന്നാൽ ഖോസ്റ്റ -2 ന് അത് സാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
വവ്വാലുകൾക്ക് പുറമേ, ഈനാംപേച്ചികൾ, മരപ്പട്ടി, റാക്കൂൺ നായ്ക്കൾ എന്നീ മൃഗങ്ങളിലൂടെയും വൈറസ് പടരാൻ സാധ്യതയുള്ളതായി പഠനം പറയുന്നു. നിലവിൽ അപകടം കുറവാണെങ്കിലും സാഴ്സ് കോവ് 2, ഖോസ്റ്റ -2 എന്നീ വൈറസുകൾ തമ്മിൽ യോജിച്ചാൽ മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാമെന്നാണ് വിലയിരുത്തുന്നത്. സാഴ്സ് കോവ്2 മൃഗങ്ങളിലേക്ക് പടരുന്നു എന്ന റിപ്പോർട്ടുകൾ കൂടുതൽ ആശങ്ക പടർത്തുന്നുമുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നൂറുകണക്കിന് വൈറസുകളാണ് പുതുതായി കണ്ടെത്തിയിട്ടുള്ളത്. കൂടുതലും വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നവയായിരുന്നു.