സൗദി അറേബ്യയിൽ ആദ്യമായി ജോലിക്ക് എത്തുന്ന ഗാർഹിക തൊഴിലാളികളെ സ്വീകരിക്കാൻ പുതിയ സംവിധാനം ഒരുക്കി ആഭ്യന്തര മന്ത്രാലയം. ജോലിക്ക് എത്തുന്നവരെ സ്വീകരിക്കേണ്ട ഉത്തരവാദിത്തം റിക്രൂട്ട്മെന്റ് ഓഫീസുകൾക്കാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസത്ത്) സ്ഥിരീകരിച്ചു. സൗദി അറേബ്യയിൽ നിന്ന് എക്സിറ്റ്, റീ എൻട്രി വിസകളിലായി മടങ്ങിയെത്തിയ വീട്ടുജോലിക്കാരെ സ്വീകരിക്കേണ്ടത് തൊഴിലുടമയുടെ മാത്രം ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച സംശയ നിവാരണത്തിനായി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി (എംഎച്ച്ആർഎസ്ഡി) ബന്ധപ്പെടാനാണ് നിർദേശം.
റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട്, ദമാമിലെ കിംഗ് ഫഹദ് എയർപോർട്ട്, ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീനയിലെ പ്രിൻസ് മുഹമ്മദ് എയർപോർട്ട് തുടങ്ങിയവിടങ്ങളിൽ സൗദി അറേബ്യയിലേക്ക് വീട്ടുജോലിക്കായി എത്തുന്ന സ്ത്രീകളെ സ്വീകരിക്കുന്നത് പുതിയ രീതികളിലൂടെയായിരിക്കും. ഇവരെ സ്വീകരിക്കാനായി മറ്റുള്ളവരെ അധികാരപ്പെടുത്താൻ അനുവദിക്കുന്ന ഇലക്ട്രോണിക് ഓതറൈസേഷൻ സേവനം എന്ന പുതിയ ഫീച്ചർ കൂടി ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. .
ഈ സേവന കാലയളവ് തന്നിരിക്കുന്ന തീയതി മുതൽ 30 ദിവസത്തേക്ക് മാത്രമേ നിലനിൽക്കുകയുള്ളു. അതിന് ശേഷം ഇ-ഓതറൈസേഷൻ സേവനം റദ്ദാക്കാൻ സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യകതകളും നിയമങ്ങളും സേവനത്തിൽ ബാധകമാകുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.