ദില്ലി: ഫാസ്ടാഗിന് പകരം കേന്ദ്ര ഗതാഗതമന്ത്രാലയം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) പരീക്ഷണാടിസ്ഥാനത്തിൽ ബെംഗളൂരു – മൈസൂരു അതിവേഗപ്പാതയിൽ പ്രവർത്തനം ആരംഭിച്ചേക്കും. രാജ്യസഭയിൽ ലഹർ സിംഗ് സിറോ എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നിലവിൽ ഫാസ്ടാഗ് സംവിധാനം ഉപയോഗിച്ചാണ് ഇന്ത്യയിൽ ടോളുകൾ പ്രവർത്തിക്കുന്നത്. വാഹനങ്ങളിൽ ഒട്ടിച്ച റേഡിയോ ഫ്രീക്വൻസി ഐഡൻ്റിഫിക്കേഷൻ അധിഷ്ഠിത ഫാസ്ടാഗുകൾക്ക് പകരം ജിഎൻഎസ്എസ് സംവിധാനം ഏർപ്പെടുത്തുക വഴി ടോൾ പ്ലാസകൾ തന്നെ ഒഴിവാക്കാൻ സാധിക്കും എന്നതാണ് പ്രധാന നേട്ടം.
ഇതോടൊപ്പം ടോൾ പ്ലാസകളിൽ വാഹനം നിർത്തേണ്ട ആവശ്യവും ഉണ്ടാവില്ല. ടോൾ റോഡിൽ എത്ര ദൂരം സഞ്ചരിച്ചാലും മുഴുവനും തുകയും നൽകുന്ന നിലവിലെ രീതിക്ക് പകരം ടോൾ റോഡിലൂടെ സഞ്ചരിച്ച ദൂരത്തിന് മാത്രം പണം ഈടാക്കുന്ന തരത്തിലാണ് പുതിയ സംവിധാനം പ്രവർത്തിക്കുക. ഈ സംവിധാനമാണ് 10 വരി മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിൽ ടോൾ പിരിവിന് ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്.
തടസ്സമില്ലാത്ത ടോൾ പിരിവിനായി ജിഎൻഎസ്എസ് സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം നൽകാൻ ഒരു കൺസൾട്ടൻ്റിനെ നിയമിച്ചിട്ടുണ്ടെന്നും നിതിൻ ഗഡ്കരി പറഞ്ഞു. ഗഡ്കരി പറയുന്നതനുസരിച്ച്, ജിഎൻഎസ്എസ് സംവിധാനം വഴി ഹൈവേകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളെ കൃത്യമായി ട്രാക്ക് ചെയ്യാനാവും.
ഇതുവഴി ടോൾ പാതയിൽ വാഹനം സഞ്ചരിച്ച ദൂരത്തിന് മാത്രം പണം നൽകിയാൽ മതിയാവും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് പുതിയ പദ്ധതി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. നിലവിൽ രാജ്യത്ത് രജിസ്റ്റർ ചെയ്ത 98 ശതമാനം കാറുകളിലും ബസുകളിലും ട്രക്കുകളിലും ഫാസ്ടാഗ് ഉണ്ടെന്നാണ് കണക്ക്.