ഇന്ന് മുൻപ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗിൻ്റെ 91-ാം ജന്മദിനം. ഇന്ത്യയുടെ പതിമൂന്നാം പ്രധാനമന്ത്രിയായി 2004-ൽ അധികാരമേറ്റ മൻമോഹൻസിംഗ് അധികാരതുടർച്ച നേടി പത്ത് വർഷം രാജ്യം ഭരിച്ചു. 1991 മുതൽ 1996 ഇന്ത്യൻ ധനമന്ത്രിയായിരുന്ന കാലത്താണ് മൻമോഹൻസിംഗ് നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളാണ് ഇന്ന് കാണുന്ന സാമ്പത്തിക കുതിപ്പിലേക്ക് ഇന്ത്യയെ എത്തിച്ചത്. 1982 മുതൽ 1985 വരെ മൂന്ന് വർഷം റിസർവ് ബാങ്ക് ഗവർണറായും മൻമോഹൻ പ്രവർത്തിച്ചിട്ടുണ്ട്.

91-ാം ജന്മദിനത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് മൻമോഹൻ നൽകിയ ചില നിർണായക സംഭാവനകൾ പരിശോധിക്കാം

സാമ്പത്തിക ഉദാരവൽക്കരണം (1991)
1991-ൽ പിവി നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായിരുന്ന മൻമോഹൻസിംഗാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഉടച്ചു വാർത്തത്. രാജ്യത്തെ വ്യവസായ വളർച്ചയ്ക്ക് തടസ്സമായി നിന്ന ലൈസൻസ് രാജ് ഇല്ലാതാക്കിയ മൻമോഹൻ പ്രധാനമേഖലകൾ വിദേശനിക്ഷേപത്തിനായി തുറന്നു കൊടുത്തു. സമ്പദ് വ്യവസ്ഥയെ ഉദാരവത്കരിച്ചു. ലോകത്തെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയെ വളരാൻ ഇന്ത്യയെ സഹായിച്ചത് അന്ന് മൻമോഹൻ നടത്തിയ ഈ സാമ്പത്തിക പരിഷ്കാരങ്ങളാണ്.
1991-ൽ ഇന്ത്യയുടെ ധനക്കമ്മി മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 8.5 ശതമാനത്തിനടുത്തായിരുന്നു, പേയ്‌മെന്റ് ബാലൻസ് കമ്മി വളരെ വലുതും, കറന്റ് അക്കൗണ്ട് കമ്മി ഇന്ത്യയുടെ ജിഡിപിയുടെ 3.5 ശതമാനത്തിനടുത്തായിരുന്നു. ഇന്നത്തെ 600 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്ത്യയുടെ വിദേശ കരുതൽ ശേഖരം കഷ്ടിച്ച് 1 ബില്യൺ യു.എസ്. ഡോളർ മാത്രമായിരുന്നു അന്ന്. അടുത്ത രണ്ട് ആഴ്ചത്തെ ഇറക്കുമതിക്കുള്ള പണം മാത്രമായിരുന്നു അന്ന് ഇന്ത്യയുടെ ഖജനാവിലുണ്ടായിരുന്നത്.
സമീപകാലത്ത് ശ്രീലങ്കയും നിലവിൽ പാക്കിസ്ഥാനും നേരിടുന്ന ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്കായിരുന്നു അന്ന് ഇന്ത്യയുടെ പോക്ക്. ഈ ഘട്ടത്തിൽ സഹായം തേടി ഇന്ത്യ ഐഎംഎഫിനെ സമീപിച്ചു. എന്നാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലെ നിലവിലുള്ള ലൈസൻസ് രാജ് പൊളിക്കണമെന്നും സാമ്പത്തിക നയങ്ങളിലെ സർക്കാർ നിയന്ത്രണം കുറച്ച് കൂടുതൽ ഉദാരവത്കരിക്കണമെന്നുമുള്ള നിർദേശമാണ് ഐഎംഎഫ് ഇന്ത്യയ്ക്ക് നൽകിയത്.
ഐഎംഎഫുമായുള്ള ചർച്ചയ്ക്ക് ശേഷം ഇന്ത്യ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ധനമന്ത്രിയായ മൻമോഹൻസിംഗ് പ്രധാനമന്ത്രി പിവി നരസിംഹറാവുവിനോടും പാർട്ടി നേതൃത്വത്തോടും വിശദീകരിച്ചു. എന്നാൽ നെഹ്റു കാലം മുതലുള്ള സാമ്പത്തിക നയങ്ങൾ പരിഷ്കരിക്കുന്നതിനെതിരെ പാർട്ടിയിലെ ഭൂരിപക്ഷവും എതിർപ്പ് ഉയർത്തി. എന്നാൽ സമ്പദ് വ്യവസ്ഥ നവീകരിക്കാത്ത പക്ഷം ഇന്ത്യ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് പോകുമെന്ന് മൻമോഹൻസിംഗും പി.ചിദംബരവും കാര്യകാരണസഹിതം പാർട്ടി നേതൃത്വത്തെ ബോധിപ്പിച്ചു. ഈ ഘട്ടത്തിലും പാർട്ടി പരിഷ്കാരനിർദേശങ്ങളോട് മുഖം തിരിച്ചെങ്കിലും പ്രധാനമന്ത്രി പിവി നരസിംഹറാവു മൻമോഹൻ സിംഗിനൊപ്പം നിന്നു.
ഇതോടെ സ്വതന്ത്രഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക പരിഷ്കാരത്തിന് തുടക്കമായി. പെർമിറ്റ് രാജ് ഇല്ലാതാക്കിയും ഇറക്കുമതി നികുതികൾ വെട്ടിചുരുക്കിയും നികുതി സംവിധാനം ഉടച്ചുവാർത്തും വിദേശനിക്ഷേപത്തെ വരവേറ്റും മൻമോഹൻസിംഗ് സമ്പദ് വ്യവസ്ഥയെ പൊളിച്ചെഴുതി. ലൈസൻസ് സംവിധാനം കൂടുതൽ എളുപ്പമായതോടെ സ്വകാര്യനിക്ഷേപവും സ്വകാര്യമേഖലയും വളരാൻ തുടങ്ങി. നിയന്ത്രണങ്ങൾ മാറിയതോടെ കൂടുതൽ വിദേശനിക്ഷേപം രാജ്യത്തേക്ക് എത്തി. പിൻക്കാലത്ത് ഇന്ത്യയുടെ ധനമന്ത്രിയായ പി.ചിദംബരം ചൈനയിൽ സാമ്പത്തിക വിപ്ലവത്തിന് തുടക്കമിട്ട ഡെങ് സിയാവോപിങിനോടാണ് മൻമോഹൻ്റെ സാമ്പത്തിക പരിഷ്കാരത്തെ താരത്മ്യം ചെയ്തത്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (NREGA) (2005)
ഡോ. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സർക്കാരാണ് 2005-ൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം കൊണ്ടുവന്നത്. അത് പിന്നീട് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGA) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ഗ്രാമീണ ജനതയുടെ ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷം. ഗ്രാമീണ കുടുംബങ്ങൾക്ക് 100 ദിവസം തൊഴിലും വേതനവും ഉറപ്പ് നൽകുന്ന രീതിയിലാണ് ഈ സാമൂഹികക്ഷേമ പദ്ധതി രൂപകൽപന ചെയ്തത്. ഇന്ത്യയിലെ കുഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും ദാരിദ്രം തുടച്ചുനീക്കാനും ഈ പദ്ധതി ഉപകാരപ്പെട്ടു.
വിവരാവകാശ നിയമം (ആർടിഐ) (2005)
ഒന്നാം യുപിഎ സർക്കാർ കൊണ്ടുവന്ന മറ്റൊരു സുപ്രധാന നിയമമായിരുന്നു. വിവരാവകാശ നിയമം. സർക്കാർ സ്ഥാപനങ്ങളേയും ഉദ്യോഗസ്ഥരേയും സുതാര്യമാക്കുന്നതിൽ ഈ നിയമം വലിയ വിപ്ലവം തന്നെ കൊണ്ടു വന്നു. വിവരാവകാശ നിയമം അനുസരിച്ച് ഏത് ഇന്ത്യൻ പൗരനും ഏത് സർക്കാർ ഓഫീസിൽ നിന്നും സ്ഥാപനത്തിൽ നിന്നും ഏത് വിവരവും രേഖയും ശേഖരിക്കാൻ സാധിക്കും. സർക്കാരിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാനും. വലിയ അളവിൽ അഴിമതി തടയാനും ഈ നിയമം ഉപകാരപ്പെട്ടു.
ഇന്ത്യ-യുഎസ് സിവിൽ ആണവ കരാർ (2005)
ഇന്ത്യയുടെ വിദേശകാര്യചരിത്രത്തിലെ ഏറ്റവും നിർണായകമായ സംഭവങ്ങളിലൊന്നാണ് 2005-ലെ ഇന്ത്യ- അമേരിക്ക ആണവകരാർ. 123 കരാർ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ കരാർ സാധ്യമായത് വർഷങ്ങൾ നീണ്ട നയതന്ത്രതല ചർച്ചകൾക്ക് ശേഷമാണ്. ഈ ചരിത്ര ഉടമ്പടിയോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സിവിൽ ആണവ സഹകരണം സാധ്യമായി. ഇന്ത്യയ്ക്ക് ആണവ സാങ്കേതിക വിദ്യയും സിവിലിയൻ ആണവോർജ്ജ പദ്ധതിക്കുള്ള ഇന്ധനവും കരാറിലൂടെ ലഭ്യമായി. ആണവ നിർവ്യാപന ഉടമ്പടിയിൽ (എൻപിടി) ഇന്ത്യ ഒപ്പുവയ്ക്കാതെയാണ് അമേരിക്കയുമായി ഒരു ആണവകരാർ ഇന്ത്യയ്ക്ക് സാധ്യമായത്. കരാറിൻ്റെ പേരിൽ ഇടതുപക്ഷം യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചെങ്കിലും സമാജ് വാദി പാർട്ടിയുടെ പിന്തുണയോടെ മൻമോഹൻ സർക്കാർ അധികാരം നിലനിർത്തി.
