നികുതി അടക്കാൻ പുതിയ ഓൺലൈൻ പോർട്ടൽ സജ്ജമാക്കി ഫെഡറൽ ടാക്സ് അതോറിറ്റി. ഇതുവരെ ഉപയോഗിച്ചിരുന്ന ഇ–ദിർഹം സംവിധാനം ഇന്നലെ മുതൽ നിർത്തലാക്കി.
മൂല്യവർധിത നികുതി (വാറ്റ്), എക്സൈസ് നികുതി, മറ്റു നികുതികൾ എന്നിവ മഗ്നാതി എന്ന ഈ പോർട്ടലിലൂടെ അടക്കാം. സുരക്ഷിതമായും വേഗത്തിലും ഇടപാട് പൂർത്തിയാക്കാനും സാധിക്കും.
ജനറേറ്റഡ് ഇൻ്റർനാഷനൽ ബാങ്ക് അക്കൗണ്ട് നമ്പർ ഉപയോഗിച്ച് ഇടപാടുകാരുടെ അക്കൗണ്ടിൽ നിന്ന് നേരിട്ടു നികുതി അടക്കാനുള്ള സൌകര്യവും മഗ്നാതിയിലുണ്ട്. യുഎഇയിലും വിദേശത്തും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് ഫണ്ട് ട്രാൻസ്ഫർ ചെയ്യാനും ഈ സംവിധാനം ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു.
ഫസ്റ്റ് അബുദാബി ബാങ്കിൻ്റെ സ്മാർട് പേയ്മെൻ്റ് ഓപ്ഷനാണ് മഗ്നാതി. കാര്യക്ഷമമായ സേവനം തടസമില്ലാതെ നൽകുന്നതിനാണ് നൂതന സാങ്കേതികവിദ്യകൾ വഴി മഗ്നാതി പോർട്ടൽ സജ്ജമാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. ക്രെഡിറ്റ് കാർഡ് വഴിയും പണമടക്കാവുന്നതാണ്. സർക്കാർ സേവനങ്ങൾക്ക് ഇ–ദിർഹം ഉപയോഗിക്കുന്നത് നിർത്തലാക്കാൻ ധന മന്ത്രാലയം നേരത്തെ നിർദേശിച്ചതോടെയാണ് പുതിയ സംവിധാനം സജ്ജമാക്കിയത്.