ദോഹ: ഈ വർഷത്തെ റമദാൻ വ്രതാരംഭം മാർച്ച് 11നാവാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. മാർച്ച് 10 ഞായറാഴ്ചയാകും ശഅബാൻ മാസം പൂർത്തിയാവുക. മാർച്ച് 10 ഞായറാഴ്ച പുതിയ മാസപ്പിറയുടെ വരവറിയിച്ച് ന്യൂമൂൺ പിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
സൂര്യൻ അസ്തമിച്ചതിന് ശേഷം 11 മിനിറ്റു കഴിഞ്ഞായിരിക്കും ചന്ദ്രോദയമെന്നും അതിനാൽ അടുത്ത ദിവസം റമദാൻ ഒന്നായിരിക്കാനാണ് സാധ്യതയെന്നും ശൈഖ് അബ്ദുല്ല അൽ അൻസാരി കോംപ്ലക്സ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻജിനീയർ മുഹമ്മദ് അൽ അൻസാരി അറിയിച്ചു. ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ് ആണ് റമദാൻ വ്രതാരംഭം ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടതെന്നും കലണ്ടർ ഹൗസ് അറിയിപ്പിൽ വ്യക്തമാക്കി.
അതേസമയം മാർച്ച് 10ന് ജിസിസിയിൽ നഗ്നനേത്രങ്ങൾ കൊണ്ടോ ടെലിസ്കോപ്പ് വഴിയോ റമദാൻ മാസപ്പിറവി ദൃശ്യമാകില്ലെന്നാണ് ഇൻറർനാഷണൽ അസ്ട്രോണമി സെൻറർ അഭിപ്രായപ്പെടുന്നത്. എന്നാൽ മാർച്ച് 11-ന് എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും നഗ്ന നേത്രങ്ങൾ കൊണ്ട് തന്നെ മാസപ്പിറവി ദർശിക്കാനാകും. അന്ന് സൂര്യാസ്തമയത്തിന് ശേഷം 15 മിനുട്ട് മുതൽ 25 മിനുട്ട് വരെ എല്ലാവർക്കും ചന്ദ്രക്കല കാണാമെന്നും അസ്ട്രോണമി സെൻ്റർ പ്രവചിക്കുന്നു.