ഇന്ത്യൻ നാവിക സേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. കൊച്ചിൻ ഷിപ്യാർഡിൽ വച്ച് ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങിൽ ആണ് പതാക അനാവരണം ചെയ്തത് . ഇതിന് മുൻപ് ഉണ്ടായിരുന്നത് സെന്റ് ജോര്‍ജ് ക്രോസിന്റെ ഒരറ്റത്ത് ത്രിവര്‍ണ പതാകയുള്ളതായിരുന്നു.
പുതിയ പതാക രൂപകൽപ്പന ചെയ്തിരിക്കുന്നത് കരസേനയുടെയും വ്യോമസേനയുടെയും പതാകയുമായി ചേര്‍ന്നുപോകുന്ന തരത്തിലാണ്. വെള്ള പതാകയുടെ ഇടതുവശത്തായി മുകളിൽ ഇന്ത്യയുടെ പതാകയും വലത് വശത്ത് നാവിക സേനയുടെ പുതിയ ചിഹ്നത്തിൽ ദേവനാഗരി ലിപിയിൽ ‘സത്യമേവ് ജയതേ’ എന്ന ദേശീയ മുദ്രാവാക്യവും ആലേഖനം ചെയ്തിട്ടുണ്ട്. നേവിയുടെ മുദ്രാവാക്യവും കൊത്തിവച്ചിരിക്കുന്ന പതാകയിൽ ഇന്ത്യൻ ദേശീയ ചിഹ്നമായ അശോക സ്തംഭവും ഉൾപ്പെടുന്നു.
മറാഠാ സാമ്രാജ്യത്തിന്റെ സ്ഥാപകൻ ഛത്രപതി ശിവജിയുടെ മുദ്രയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് പുതിയ പതാകയ്ക്ക് രൂപം നൽകിയിരിക്കുന്നത്. എട്ടു ദിക്കുകളിലേക്കും എത്താനുള്ള നാവികസേനയുടെ ശേഷിയെയും പ്രവർത്തന മികവിനേയുമാണ് മുദ്രയിലെ എട്ട് ദിശകൾ അടയാളപെടുത്തുന്നതെന്നാണ് സൂചനകൾ.